കൂടൽ : വാഹനത്തില്‍ നിന്നും ബാറ്ററി മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. മിച്ചഭൂമിയില്‍ ബാബു വിലാസം വീട്ടില്‍ ശ്രീരാഗ് (26), പോത്തുപാറ കാരമണ്ണില്‍ സബിനേഷ് (18) എന്നിവരാണ് അറസ്റ്റിലായത്.
/sathyam/media/post_attachments/FsF4e4PulN17ZSqBj9zt.jpg)
വ്യാഴാഴ്ച്ച രാത്രി 10 നും വെള്ളി രാവിലെ ആറിനുമിടയിലാണ് മോഷണം നടന്നത്. കടുവന്നൂര്‍ സന്തോഷ് വിലാസത്തില്‍ സന്തോഷിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയായിരുന്നു.
സന്തോഷിന്റെ സഹോദരിയുടെ മകന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ 8000 രൂപ വിലവരുന്ന ബാറ്ററിയാണ് പ്രതികള്‍ മോഷ്ടിച്ചത്. പഴക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വണ്ടി കുറച്ചുനാളായി സന്തോഷിന്റെ വീട്ടുമുറ്റത്താണ് സൂക്ഷിച്ചിരുന്നത്. വീടിന്റെ മതില്‍ നിര്‍മാണം തുടങ്ങിയപ്പോള്‍, സമീപത്തുള്ള ആള്‍താമസമില്ലാത്ത വീടിന്റെ മുറ്റത്തേക്ക് മാറ്റി. എല്ലാ ദിവസവും പോയി നോക്കുമായിരുന്നെന്ന് സന്തോഷ് പറഞ്ഞു.
വെള്ളിയാഴ്ച പോയിനോക്കുമ്പോള്‍ ബാറ്ററി മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലായി. അയല്‍വാസികളോട് തിരക്കിയപ്പോള്‍ മിച്ചഭൂമിയില്‍ താമസിക്കുന്ന നാലുപേര്‍ പെട്ടി ഓട്ടോയില്‍ എത്തിയിരുന്നുവെന്ന് അറിഞ്ഞു. പ്രതികളെ പോലീസ് ഗാന്ധി ജങ്ഷനില്‍ നിന്നും കസ്റ്റഡിയിലെടുത്തു.
മോഷ്ടിച്ച ബാറ്ററി കലഞ്ഞൂരുള്ള ആക്രിക്കടയില്‍ വിറ്റുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ബാറ്ററി കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.