മൂവാറ്റുപുഴ: അംഗന്‍വാടി കുട്ടികള്‍ക്കുളള പ്രത്യേക ന്യൂട്രീഷന്‍ പദ്ധതിക്ക് അനുവദിച്ച തുക തിരിമറി നടത്തിയ കേസില്‍ ഇടുക്കി മുന്‍ ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസറെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചു. ഇടുക്കി നായരുപാറ അനില്‍ ഭവനില്‍ എന്‍. സുധര്‍മ്മയെയാണ് വിജിലന്‍സ് ജഡ്ജി എന്‍.വി. രാജു മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.
/sathyam/media/post_attachments/QV6l2xEcXtIAo3G9HP8Q.png)
1988-ലെ അഴിമതി തടയല്‍ നിയമത്തിന്റെ വകുപ്പ് പ്രകാരമുളള കുറ്റങ്ങള്‍ തെളിഞ്ഞതോടെയാണ് ശിക്ഷ. ഇടുക്കി വില്ലേജ് സംയോജിത ശിശു വികസന പദ്ധതി സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്നു സുധര്‍മ്മ 2000 സെപ്റ്റംബര്‍ 15 മുതല്‍ 2001 മാര്‍ച്ച് 28 വരെയുളള കാലയളവില്‍ വ്യാജ രേഖ ചമച്ച് വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അംഗന്‍വാടികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച പ്രത്യേക പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുകയില്‍ നിന്ന് 74,149 രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കുട്ടികള്‍ക്ക് നല്‍കേണ്ടിയിരുന്ന പയര്‍, പലവ്യഞ്ജനം, കത്തിക്കുന്നതിനുളള വിറക് എന്നിവ വാങ്ങിയതിലാണ് തിരിമറി നടത്തിയത്.
പ്രോസിക്യൂഷനും പ്രതിഭാഗവും ഹാജരാക്കിയ തെളിവുകള്‍ വിശകലനം ചെയ്ത കോടതി പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി എ.എല്‍.എ. രാജ്‌മോഹന്‍ ആര്‍. പിളള ഹാജരായി. വിജിലന്‍സ് ഇടുക്കി ഡിവൈ.എസ്.പി. കെ.വി. ജോസഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരായ ഷാജു പോള്‍, കെ.പി. വിശ്വനാഥന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.