ചേര്‍ത്തല: തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചേര്‍ത്തലയില്‍ വീണ്ടും സ്വകാര്യ ബസുകള്‍ക്ക് നേരെ ആക്രമണം. ആറ് ബസുകള്‍ തകര്‍ത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ആറു ബസുകള്‍ അക്രമിസംഘം തല്ലിത്തകര്‍ത്തിരുന്നു.
ബസുകളുടെ ചില്ലുകള്‍ തകര്‍ക്കുകയും അകത്തു കയറിയ നാശമുണ്ടാക്കുകയും ചെയ്തു. അറ്റകുറ്റപ്പണികള്‍ നടത്തി ശനിയാഴ്ച വീണ്ടും സര്‍വീസ് നടത്തിയ ഇതേ ബസുകള്‍ക്കു നേരെയാണ് രാത്രി വീണ്ടും ആക്രമണമുണ്ടായത്.
/sathyam/media/post_attachments/pMuQ3Lxrn4toOb8PhshM.jpg)
ചേര്‍ത്തല ബസ് സ്റ്റാന്‍ഡിലും പട്ടണക്കാട്ടും വയലാര്‍ കവലയിലുമായി പാര്‍ക്ക് ചെയ്തിരുന്ന ബസുകളാണ് തകര്‍ത്തത്. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് പട്ടണക്കാട് അച്ചൂസില്‍ വി.എസ് സുനീഷിന്റെ ഉടമസ്ഥതിയിലുള്ള ബസുകള്‍ക്ക് നേരേയാണ് രണ്ടാം തവണയും ആക്രമണമുണ്ടായത്.
ബസുകളുടെ സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടർന്നാണ് വ്യാഴാഴ്ച രാത്രി സ്റ്റാന്‍ഡില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. പരുക്കേറ്റ ബി.എം.എസ് യൂണിയനിലെ അംഗങ്ങളായി വാരനാട് സ്വദേശികളായ വിഷ്ണു എസ്. സാബു (32), എസ്. ശബരിജിത്ത് (26)എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പ്രശ്‌നം പരിഹരിക്കാന്‍ ചേര്‍ത്തല പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അനുരജ്ഞ ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയിച്ചില്ല. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. ചേര്‍ത്തല എറണാകുളം, അരൂര്‍, മുക്കം ,ചെല്ലാനം റുട്ടുകളിലോടുന്ന ബസുകളാണ് തകര്‍ക്കപ്പെട്ടത്.
ബസുകള്‍ക്കു നേരേ തുടര്‍ച്ചയായി ആക്രമണമുണ്ടാകുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച് പ്രതിഷേധിക്കാന്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.