മുന്‍വൈരാഗ്യമെന്ന്; യുവാവിനെതിരെ വ്യാജ പീഡന പരാതി നല്‍കി 45 ദിവസം ജയിലില്‍ അടച്ചതായി ആരോപണം

author-image
neenu thodupuzha
New Update

തൊടുപുഴ: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെതിരെ വ്യാജ പീഡന പരാതി നല്‍കി 45 ദിവസം ജയിലില്‍ അടച്ചതായി ആരോപണം. അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റിലായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പ്രജേഷാണ് ജയിലിലായത്.

Advertisment

സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മൈലപ്പുഴ പ്രദേശവാസികളുടെ നേതൃത്വത്തില്‍ രൂപവല്‍കരിച്ച പൗരാവലിയും പ്രജേഷിന്റെ കുടുംബവും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍  ഏപ്രില്‍ 18-നാണ് യുവാവിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റു ചെയ്തത്.

publive-image

മാര്‍ച്ച് 24-ന് പീഡനം നടന്നതായാണ് പരാതി. വീട്ടിലെത്തിയ കഞ്ഞിക്കുഴി പോലീസ് യുവാവിനെ കൂട്ടിക്കൊണ്ട് പോകുകയും സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. 45 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്.

പീഡനം നടന്നെന്ന് പരാതിയില്‍ ആരോപിക്കുന്ന സമയം യുവാവ് മറ്റൊരിടത്ത് മേസ്തിരി പണിയിലായിരുന്നു. ഇതിന് സാക്ഷികളുണ്ട്. എന്നാല്‍, കഞ്ഞിക്കുഴി പോലീസ് ഇതൊന്നും പരിഗണിക്കാതെ യുവാവിനെ ജയിലിലടക്കുകയായിരുന്നെന്ന് പൗരസമിതി ആരോപിച്ചു. വീട്ടമ്മ പരാതി നല്‍കാന്‍ ഉണ്ടായ കാലതാമസവും സംശയാസ്പഥമാണെന്ന് യുവാവിന്റെ ഭാര്യയും പറഞ്ഞു.

നിരപരാധിത്വം തെളിയിക്കാന്‍ യുവാവ് നുണ പരിശോധനയ്ക്ക് തയാറാണ്. പരാതിക്കാരിയായ വീട്ടമ്മയേയും ഭര്‍ത്താവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പൗരസമിതി ആവശ്യപ്പെടുന്നത്. ഭാര്യയും മക്കളും രോഗികളായ മാതാപിതാക്കളും അടങ്ങുന്നതാണ് യുവാവിന്റെ കുടുംബം.

പീഡന കേസില്‍ യുവാവ് ജയിലിലായതോടെ കുടുംബം സമൂഹത്തില്‍ ഒറ്റപ്പെട്ടു. പുറത്തിറങ്ങിയ ശേഷം ജോലിപോലും ലഭിക്കാത്ത അവസ്ഥയിലാണ് യുവാവ്. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ 117 പേര്‍ ഒപ്പിട്ട പരാതി ജില്ലാ പോലീസ് മേധാവിക്കും ജില്ലാ ക്രൈംബ്രാഞ്ചിനും നല്‍കിയതായും ഇവര്‍ പറഞ്ഞു.

 

Advertisment