ശാസ്തവട്ടത്തും മങ്ങാട്ടുകോണത്തും രാത്രിയിൽ ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം

author-image
neenu thodupuzha
New Update

തിരുവനന്തപുരം: ശാസ്തവട്ടത്തും മങ്ങാട്ടുകോണത്തും അടച്ചിട്ട രണ്ടു വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തി.

Advertisment

ശാസ്തവട്ടം തിരുവോണത്തില്‍ തിരുവനന്തപുരം വിമന്‍സ് കോളജിലെ പ്രഫസര്‍ സുനില്‍ കുമാറിന്റെയും മങ്ങാട്ടുകോണം ശിവശങ്കര മന്ദിരത്തില്‍ എസ്എടി ആശുപത്രിയിലെ നേഴ്‌സിങ് അസിസ്റ്റന്റ് ഗീതാകുമാരിയുടെയും വീടുകളിലാണ് മോഷണം നടന്നത്.

publive-image

സ്വര്‍ണം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. എന്നാല്‍, പോലീസ് അന്വേഷണത്തില്‍ ഇവിടെനിന്ന് ലഭിച്ച സി.സി.ടിവി ദൃശ്യങ്ങളില്‍ മൂന്നു പേരാണ് മോഷണം നടത്തിയതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

രണ്ടിടത്തും പോത്തന്‍കോട് പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. രണ്ടു കി.മീറ്റര്‍ ദൂര വ്യത്യാസമുള്ള രണ്ടിടത്തും മോഷണം നടത്തിയത് ഒരേ സംഘമാണെന്നാണ് നിഗമനം.

സുനില്‍കുമാര്‍ കോളജിലെ വിദ്യാര്‍ത്ഥികളുമായി ടൂര്‍ പോയതിനാല്‍ കഴിഞ്ഞ മൂന്നു ദിവസമായി വീട്് അടച്ചിട്ടിരുന്നു. ഭാര്യയും കുട്ടികളും ചെമ്പഴന്തിയിലെ അമ്മയുടെ വീട്ടില്‍നിന്നെത്തിയപ്പോഴായിരുന്നു മുന്‍ഭാഗത്ത് വാതില്‍ തുറന്ന നിലയില്‍ കണ്ടത്.

അലമാരയും മേശയും തുറന്നു തുണികള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വീട്ടില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നില്ല. നാലഞ്ചു വാച്ചുകളും വെള്ളി ആഭരണങ്ങളുമാണ് മോഷ്ടിച്ചത്.

ഗീതാകുമാരിയുടെ വീട്ടിലുള്ളവര്‍ ഉത്തര്‍പ്രദേശിലെ മക്കളുടെ അടുത്തേക്കു പോയതയിരുന്നു. സമീപത്തെ വീട്ടുകാര്‍ വീട്ടിലെ നായയ്ക്ക് ഭക്ഷണം നൽകാന്‍ ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. സ്വര്‍ണമുള്‍പ്പെടെ മോഷ്ടിച്ചെന്നു വീട്ടുകാര്‍ പറഞ്ഞു.

രാത്രികളില്‍ വീടുകള്‍ അടച്ചിട്ടിട്ടു പോകുന്നവര്‍ വിവരം പോലീസിനെ അറിയിക്കണമെന്ന് പോത്തന്‍കോട് പോലീസ് അറിയിച്ചു.

Advertisment