അന്തരീക്ഷ സാഹചര്യങ്ങള്‍ അനുകൂലം; ജൂലൈയില്‍ മഴ തിമര്‍ക്കും

author-image
neenu thodupuzha
Updated On
New Update

കൊച്ചി: തുടക്കം മോശമായ മണ്‍സൂണ്‍ ജൂലൈയില്‍ തിമര്‍ത്തുപെയ്‌തേക്കും. കഴിഞ്ഞ പത്തുവര്‍ഷത്തിലെ ഏറ്റവും മോശം മണ്‍സൂണാണ് ജൂണില്‍ കടന്നുപോകുന്നത്. ഏതാണ്ട് 60 ശതമാനം മഴക്കുറവാണ് ജൂണിലുണ്ടായത്. എന്നാല്‍, ജൂലൈയില്‍ ഇടതടവില്ലാതെ മഴപെയ്യാനുള്ള എല്ലാ സാഹചര്യങ്ങളും ഉരുത്തിരിഞ്ഞിട്ടുണ്ട്.

Advertisment

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദങ്ങള്‍ ജൂലൈയില്‍ പ്രതീക്ഷിക്കാം. പടിഞ്ഞാറന്‍ പസഫിക്കില്‍ ടൈഫൂണുകള്‍ സജീവമായിക്കഴിഞ്ഞു. കേരള തീരവും കരയും കട്ടികൂടിയ മഴമേഘങ്ങളാല്‍ നിറയുന്ന സാഹചര്യമുണ്ടാകും. ജൂണ്‍മാസത്തിലെ മഴക്കുറവ് ജൂലൈയിലെ മഴകൊണ്ട് നികത്താന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മണ്‍സൂണിന്റെ തുടക്കമാസമായ ജൂണില്‍ മഴ കുറയുമെന്ന് നേരത്തേ തന്നെ ഗവേഷകര്‍ സൂചിപ്പിച്ചിരുന്നു.

publive-image

മണ്‍സൂണ്‍ ആരംഭിച്ചതുതന്നെ വൈകിയായിരുന്നു. ജൂണ്‍ എട്ടിനായിരുന്നു തുടക്കം. ദുര്‍ബലമായി ആരംഭിച്ച മണ്‍സൂണിന് തിരിച്ചടിയായത് 21, 22 തീയതികളില്‍ അറബിക്കടലില്‍ രൂപമെടുത്ത ബിപോര്‍ ജോയ് ചുഴലിക്കാറ്റായിരുന്നു. ചുഴലിക്കാറ്റ് തീരത്തുനിന്ന് ഏറെ അകലെയായതിനു പുറമേ വടക്കുകിഴക്കോട്ടായിരുന്നു ബിപോര്‍ ജോയി കടന്നുപോയതും.

മണ്‍സൂണ്‍ മഴക്കാറ്റിനെ ബിപോര്‍ ജോയ് വലിച്ചെടുത്തു. കേരളത്തില്‍ പെയ്യേണ്ട മണ്‍സൂണ്‍ മഴയുടെ ഏറിയപങ്കും അറബിക്കടലില്‍ പെയ്തുതീരാന്‍ ഇതിടയാക്കി. ഇതാണ് മണ്‍സൂണ്‍ തീരെ ദുര്‍ബലമായിപ്പോകാന്‍ കാരണമായത്.

സംസ്ഥാനത്ത് ഒരു ജില്ലയില്‍ പോലും ജൂണില്‍ മികച്ച മഴ രേഖപ്പെടുത്തിയില്ല. ജൂണില്‍ പ്രതീക്ഷിച്ചത് 621.9 മില്ലീ മീറ്റര്‍ മഴയായിരുന്നു. എന്നാല്‍, ലഭിച്ചത് 251. 5 മില്ലീ മീറ്ററും. ഇടുക്കി, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ വലിയ മഴക്കുറവാണ് രേഖപ്പെടുത്തിയത്. 60 ശതമാനത്തിനു മുകളിലാണ് ഈ ജില്ലകളില്‍ മഴക്കുറവ്. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണശേഷിയുടെ 15 ശതമാനമേ ജലമുള്ളൂ.

ഡാമുകളിലേക്ക് നീരൊഴുക്ക് കുറഞ്ഞതാണ് കാരണം. കെ.എസ്.ഇ.ബിയുടെ ഇടുക്കി ഡാമില്‍ 14 ശതമാനമേ ജലമുള്ളൂ. പമ്പയില്‍ സംഭരണശേഷിയുടെ 2.7, ഇടമലയാറില്‍ 18.5, കക്കി 10.54, ബാണാസുര സാഗര്‍ 7.45 എന്നിങ്ങനെയാണ് കെ.എസ്.ഇ.ബിയുടെ പ്രധാന അണക്കെട്ടുകളിലെ ജല സംഭരണത്തിന്റെ തോത്.

ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള തൊടുപുഴ മലങ്കര ഡാമില്‍ സംഭരണശേഷിയുടെ 68 ശതമാനമാണ് ജലമുള്ളത്. നെയ്യാറില്‍ അത് 4.25 ശതമാനവും മലമ്പുഴയില്‍ 16 ശതമാനവുമാണ് വെള്ളമുള്ളത്.

Advertisment