കുട്ടനാട്: ചമ്പക്കുളം മൂലം ജലോത്സവത്തിനിടെ വനിതകള്‍ തുഴഞ്ഞ തെക്കനോടിവള്ളം മറിഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. ചമ്പക്കുളം സി.ഡി.എസ്. തുഴഞ്ഞ കാട്ടില്‍തെക്കേതില്‍ എന്ന വള്ളമാണ് മുങ്ങിയത്.
വൈകിട്ട് 5.15നായിരുന്നു സംഭവം. വനിതകളുടെ വിഭാഗത്തില്‍ ഫൈനല്‍ മത്സരം പൂര്‍ത്തിയാകുന്നതിനു മുന്നേ ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനല്‍ നടത്തിയതാണ് വള്ളം മുങ്ങാന്‍ കാരണമായത്. ചുണ്ടനുകള്‍ മറികടന്നുപോയതോടെയാണ് വള്ളംമറിഞ്ഞത്.
/sathyam/media/post_attachments/Dkl2DgKenTjpxzC0dlNQ.jpg)
വള്ളംകളിയില്‍ പങ്കെടുക്കാന്‍ എത്തിയ മറ്റുവള്ളങ്ങളും കളികാണാന്‍ സ്പീഡ് ബോട്ടുകളിലെത്തിയവരും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വള്ളത്തില്‍ 23 വനിതാ തുഴച്ചില്‍ക്കാരും മൂന്ന് പുരുഷ പങ്കായക്കാരുമാണുണ്ടായിരുന്നത്.
ആര്‍ക്കും കാര്യമായ പരുക്കുകളില്ല. ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ചമ്പക്കുളം ഗവ.ആശുപത്രിയില്‍ അടിയന്തിര ചികിത്സ നല്‍കി വിട്ടയച്ചു. ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ നേരിട്ടിറങ്ങി മത്സരങ്ങള്‍ നിർത്തിവച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.