പാലക്കാട്: കൂനത്തറയിലെ ബസ് അപകടത്തിൽ പരിക്കുപറ്റി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയുടെ പാദസരം നഷ്ടപ്പെട്ടതായി പരാതി. ആശുപത്രിയിലെ ഐസിയുവിനുള്ളിൽ നിന്നും ഒന്നര പവൻ തൂക്കം വരുന്ന പാദസരം നഷ്ടപ്പെട്ടെന്ന് പനയൂർ സ്വദേശിയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്.
/sathyam/media/post_attachments/akWe0tUIqCSnLSnx25cd.jpg)
ഇതേ ആശുപത്രിക്കുള്ളിൽ നിന്നും മുമ്പും സ്വർണാഭരണം മോഷണം പോയെന്ന് പരാതിയുണ്ടായിട്ടുണ്ട്. ജൂൺ മാസം 16നാണ് കൂനത്തറ ആശാദീപം വളവിൽ വെച്ച് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കുപറ്റിയശേഷം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പനയൂർ ഉപ്പാമുച്ചിക്കൽ അജിന്റെ ഭാര്യ ചൈതന്യയുടെ ഇടതുകാലിലുണ്ടായിരുന്ന സ്വർണ്ണ പാദസരം ഐസിയുവിൽ നിന്നും മോഷണം പോയെന്നാണ് പരാതി. അപകടം സംഭവിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ പരിക്കേറ്റ മറ്റുള്ളവർക്കൊപ്പം ചൈതന്യയെയും പ്രദേശത്തുണ്ടായിരുന്നവർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തലയ്ക്കും വലതു കൈയിലും ഇടുപ്പിനുമാണ് ചൈതന്യയ്ക്ക് പരിക്കേറ്റിരുന്നത്.
തലകറക്കവും ചർദ്ദിയുമുണ്ടായതിനെത്തുടർന്ന് ഡോക്ടർ സിടി സ്കാൻ എടുക്കാൻ നിർദ്ദേശിക്കുകയും ആ സമയത്ത് ആഭരണങ്ങൾ അഴിച്ചുവയ്ക്കാൻ പറയുകയും ചെയ്തിരുന്നു. കാതിലും കഴുത്തിലുമുണ്ടായിരുന്ന ആഭരണങ്ങൾ ബന്ധുക്കൾ അഴിച്ചു വാങ്ങിയെന്നും, കാലിലുണ്ടായിരുന്ന പാദസരം നൂലിട്ടു കെട്ടിയതിനാൽ അന്നേരം അഴിച്ചു വാങ്ങിയില്ലയെന്നും ചൈതന്യ പറഞ്ഞു.
പിന്നീട് ഐസിയുവിൽ പ്രവേശിച്ചശേഷം പാദസരം അഴിച്ചു കൂട്ടിരിപ്പുകാരെ ഏൽപ്പിക്കാമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞതായും ചൈതന്യ പറഞ്ഞു.
ഐസിയുവിൽ പ്രവേശിപ്പിച്ച ചൈതന്യയുടെ ഇടതുകാലിൽ നിന്നും പാദസരം കണ്ടാലറിയുന്ന രണ്ടു പേർ ചേർന്ന് മുറിച്ചെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. ആശുപത്രി ജീവനക്കാർ പരിശോധനയുടെ ഭാഗമായി അഴിച്ചതാകുമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് അങ്ങനെയല്ലെന്ന് മനസ്സിലായി. അപകടത്തിന്റെ ആഘാതത്തിൽ പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നും ചൈതന്യ പറഞ്ഞു.
ബന്ധുക്കൾ ആശുപത്രി മാനേജ്മെന്റിന് പരാതി നൽകിയിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ കുറച്ചു സമയം വേണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. പിന്നീട് ആറുദിവസം ചൈതന്യയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ജീവനക്കാരികളിൽ ഒരാളെ സംശയിക്കുന്നുണ്ടെന്നും അന്വേഷിച്ച ശേഷം അറിയിക്കാമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.