തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തിട്ടും അണക്കെട്ടുകളില്‍ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ പോയില്ല. മുന്‍കരുതലെന്നോണം ഏഴു അണക്കെട്ടുകളുടെ ഷട്ടര്‍ ഭാഗികമായി തുറന്ന് വെള്ളം പുറന്തള്ളുന്നുണ്ട്.
/sathyam/media/post_attachments/GiYe8fZ9nO5UFrmMlJ9u.jpg)
ഇടുക്കി മലങ്കര അണക്കെട്ടിന്റെ നാലു ഷട്ടര്‍ 30 സെന്റി മീറ്റര്‍ വീതവും കുറ്റ്യാടി അണക്കെട്ടിന്റെ നാലു ഷട്ടര്‍ അഞ്ച് സെന്റി മീറ്റര്‍ വീതവും കാരായപ്പുഴയില്‍ മൂന്നു ഷട്ടറും 10 സെന്റി മീറ്റര്‍ വീതവും മണിയാറില്‍ ഒരു ഷട്ടര്‍ 10 സെന്റി മീറ്റര്‍ വീതവും ഒരെണ്ണം 100 സെന്റി മീറ്ററും മൂലത്തറയില്‍ ഒരു ഷട്ടര്‍ 30 സെന്റി മീറ്ററും പഴശേരിയില്‍ 14 ഷട്ടര്‍ 5 സെന്റി മീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. ജലവിഭവ വകുപ്പിന് കീഴിലുള്ള 13 അണക്കെട്ടില്‍ മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടങ്ങളില്‍ മുന്‍കരുതലിന്റെ ഭാഗമായി ആവശ്യാനുസരണം ഷട്ടറുകള്‍ തുറക്കും. കെ.എസ്.ഇ.ബിക്ക് കീഴിലെ അണക്കെട്ടുകളില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളില്ല.
ഇടുക്കി ഡാമിന്റെ പ്രദേശങ്ങളില്‍ കാലവര്‍ഷം കനത്തതോടെ ജലനിരപ്പില്‍ നേരിയ വര്‍ധന. കഴിഞ്ഞ ദിവസം 62.6 മി.മീറ്റര്‍ മഴ പെയ്തതിനാല്‍ ജലനിരപ്പ് ശേഷിയുടെ 15.22 ശതമാനമായി. തിങ്കളാഴ്ചയിത് 14.44 ശതമാനമായിരുന്നു.
മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വര്‍ധന. ചൊവ്വ രാവിലെ ആറിന് ജലനിരപ്പ് 114.95 അടിയെത്തി. തിങ്കള്‍ 114.85 അടിയായിരുന്നു.