ചെറുതോണി: ആരോപണ വിധേയനായ പോലീസുകാരനെ ഡി.ജി.പിയുടെ ഉത്തരവനുസരിച്ച് കണ്ണൂരിലേക്കു സ്ഥലം മാറ്റി. കഞ്ഞിക്കുഴി സ്വദേശിയായ സിവില്‍ പോലീസ് ഓഫീസറെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ 16ന് ഉത്തരവിറങ്ങിയെങ്കിലും ഇയാള്‍ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചു.
/sathyam/media/post_attachments/NEAwjzObIGOsrWE0xcgd.jpg)
ഒന്നിലധികം പരാതികളാണ് ഇയാള്‍ക്കെതിരെയുള്ളത്. കീരിത്തോട്ടില്‍ നടന്ന ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് ആരോപണമുയരുകയും വാഹന ഉടമ പരാതി നല്‍കുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഇന്‍ഷുറന്‍സ് തുക കിട്ടുന്നതിന് പോലീസ് രേഖകള്‍ കൃത്യസമയത്ത് നല്‍കാതെ തടസം നിന്നു, പോസ്‌കോ കേസിലെ പ്രതിക്ക് നിയമത്തിന്റെ നിന്ന് രക്ഷപെടാന്‍ സഹായം നല്‍കി തുടങ്ങിയ പല പരാതികളും ഇയാള്‍ക്കെതിരെയുള്ളതിനാല്‍ അന്വേഷണം നടന്നുവരികയാണ്.
ഇടുക്കി ഡി.സി. ആര്‍.ബി.ഡി.വൈ.എസ്.പി.ക്കാണ് അന്വേഷണ ചുമതല. എം.എം. മണി സി.പി.എം. ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ അദ്ദേഹത്തിനെ അപമാനിച്ച് ഈ പോലീസുകാരന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതു വലിയ വിവാദമായിരുന്നു.
പോലീസുകാരനെ സസ്‌പെന്‍ഡു ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം. ജില്ലാ കമ്മറ്റി എസ്.പി. ഓഫീസ് മാര്‍ച്ചിനു തീരുമാനിച്ചതോടെ സ്പഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. ജോര്‍ജ് കോശിക്ക് അന്വേഷണ ചുമതല നല്‍കി. മൂന്ന് ദിവസമായി നടത്തിയ ചോദ്യം ചെയ്യലിനും സൈബര്‍ സെല്ലിന്റെ പരിശോധന റിപ്പോര്‍ട്ടും എസ്.പി.ക്കു നല്‍കിയതോടെ അന്നത്തെ ഡി.ഐ.ജി ഹേമചന്ദ്രനുമായി ചര്‍ച്ച നടത്തിയശേഷം എസ്.പി. ജോര്‍ജ് വര്‍ഗീസ് ഇയാളെ സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു.
മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് വിരമിക്കുന്നതിനു മുന്‍പ് ഫെയ്‌സ്ബുക്ക് ഉപയോഗത്തിനു പ്രത്യേക മാനദണ്ഡം നിശ്ചയിച്ച് പോലീസുകാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.