കോട്ടയം: നാഗമ്പടം ജി.എസ്.ടി. ഓഫീസില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളുരു സ്വദേശികളായ ഗണേഷ് ഭട്ട് (31), കൃപാല്‍ കോലി (48) എന്നിവരെയാണു കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/zLUU8RqP4foak6wpVeAi.png)
കഴിഞ്ഞമാസം 23നു രാത്രിയില്‍ കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന ജി.എസ്.ടി. ഓഡിറ്റിംഗ് ഓഫീസ് കുത്തിത്തുറന്ന് ലാപ്‌ടോപ്പും ടാബുകളും മോഷ്ടിച്ചു. മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ചതിനാണു ഗണേഷ്ഭട്ടിനെ പോലീസ് പിടികൂടുന്നത്. മോഷണ മുതല്‍ വാങ്ങിയതിനാണു കൃപാല്‍ കോലിയെ അറസ്റ്റ് ചെയ്തത്.
മുഖ്യ മോഷ്ടാവിനു വേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ പ്രശാന്ത് കുമാര്‍ കെ.ആര്‍, എസ്.ഐ സജികുമാര്‍, സി.പി.ഓമാരായ ശ്യാം എസ്. നായര്‍, ഷൈന്‍ തമ്പി, സലമോന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.