നാട്ടിലെത്തിയ സി.ആര്‍.പി.എഫ്. ജവാനെ ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ ഗുവാഹട്ടിയില്‍ കാണാതായി

author-image
neenu thodupuzha
New Update

ചെങ്ങന്നൂര്‍: സി.ആര്‍.പി.എഫ്. ജവാനെ ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ ഗുവാഹട്ടിയില്‍ നിന്നും കാണാതായി. അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ ഹൗസില്‍ പരേതനായ ആര്‍. ബാലകൃഷ്ണന്റെ മകന്‍ സോനുകൃഷ്ണ (34)നെയാണ് കാണാതായത്.

Advertisment

publive-image

ആസാമിലെ കൊക്രജാര്‍ ജില്ലയില്‍ ശ്രീരാംപൂരില്‍ സി.ആര്‍.പി.എഫ് 129 എഫ് ബറ്റാലിയനില്‍ ജവാനാണ്. കഴിഞ്ഞ ഏഴിനാണ് ജോലി സ്ഥലത്ത് നിന്ന് സോനുകൃഷ്ണ നാട്ടിലെത്തിയത്. കഴിഞ്ഞ ഒന്നിന് പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തി അവിടെ നിന്ന് ചെന്നൈ വഴിയുള്ള കണക്ഷന്‍ വിമാനത്തില്‍ ഗുഹാവട്ടിയില്‍ എത്തുകയായിരുന്നു.

ഗുവാഹട്ടി എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം രാത്രി ഒന്‍പതിന് ശേഷം ഭാര്യ ജി. ഗീതുനാഥ്, അമ്മ ഗീത, സഹോദരി സ്മിതകൃഷ്ണന്‍ എന്നിവരെ ഫോണില്‍ വിളിച്ച് ഗുവാഹട്ടിയില്‍ എത്തിയ വിവരം അറിയിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് ടൂവീലര്‍ ടാക്‌സിയിലാണ് ലോഡ്ജിലേക്ക് പോയത്.

പാള്‍ട്ടന്‍ ബസാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയിനില്‍ ആറു മണിക്കൂര്‍ യാത്ര ചെയ്തു വേണം ജോലി സ്ഥലമായ ശ്രീരാംപൂരില്‍ എത്തേണ്ടത്. റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഏതെങ്കിലും ലോഡ്ജിലാകാം മുറി എടുത്തതെന്ന് സംശയിക്കുന്നു. അടുത്ത ദിവസം രാവിലത്തെ ട്രെയിനില്‍ ജോലി സ്ഥലത്തേക്ക് പോകാനാണ് ലോഡ്ജില്‍ മുറി എടുത്തത്. രണ്ടിന് രാവിലെ ഒന്‍പതു മണിയോടെ ഭാര്യ ഗീതുനാഥ് വിളിക്കുമ്പോള്‍ ലോഡ്ജിലെ മുറിയില്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതേയുള്ളൂ എന്ന് പറഞ്ഞിരുന്നു.

പിന്നീട് പലതവണ ഭാര്യയും അമ്മയും സഹോദരിയും വിളിച്ചപ്പോഴെല്ലാം ബെല്‍ അടിക്കുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. അന്നേ ദിവസം രാത്രി എട്ടരയ്ക്ക് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. പാള്‍ട്ടന്‍ ബസാര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ എ.ടി.എമ്മില്‍ നിന്ന് അന്നേ ദിവസം 5,000 രൂപ എടുത്തതായ സന്ദേശം ജോയിന്റ് അക്കൗണ്ടുള്ള ഭാര്യയുടെ ഫോണില്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് വീട്ടുകാര്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ചെങ്ങന്നൂര്‍ എസ്.എച്ച്.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സോനുകൃഷ്ണയെ കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡല്‍ഹി സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ സുജോയ്‌ലാല്‍തോസെന്നിന് അടിയന്തര ഇ-മെയില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. 2012 ല്‍ സര്‍വീസില്‍ കയറിയ സോനുകൃഷ്ണ ജമ്മുകാശ്മീര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏക മകള്‍ മൂന്നു വയസുകാരി വേദകൃഷ്ണ.

Advertisment