വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  നാലു കോടി രൂപയോളം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍

author-image
neenu thodupuzha
New Update

ചെറുതോണി: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നും കാനഡ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്തു മുന്നൂറോളം ഉദ്യോഗാര്‍ഥികളില്‍ നിന്നും നാലു കോടി രൂപയോളം തട്ടിച്ച കേസിലെ പ്രതികളെ മുരിക്കാശേരി പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

അങ്കമാലിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസോണ്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ മുരിക്കാശേരി സ്വദേശി ഹിനോ ലെനിന്‍ മാളിയേക്കല്‍ (38), സ്ഥാപനത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ച പതിനാറാംകണ്ടം സ്വദേശി പുന്നം തടത്തില്‍ ഷിജോമോന്‍ (40) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

വിസ നല്‍കാമെന്നു പറഞ്ഞു ഉദ്യോഗാര്‍ഥികളില്‍ നിന്ന് രണ്ടു ലക്ഷം മുതല്‍ 12 ലക്ഷം വരെ രൂപ വാങ്ങി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വിസ കിട്ടാതായപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ സ്ഥാപനത്തില്‍ എത്തിയപ്പോള്‍ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് തോപ്രാംകുടി സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കുകയും കേസെടുത്തു അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

പോലീസ് അന്വേഷിക്കുന്നതറിഞ്ഞ പ്രതികള്‍ മൊബൈല്‍ ഫോണ്‍ മാറ്റി ഒളിവില്‍ പോവുകയും ആന്ധ്ര, തമിഴ്‌നാട് ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. ഒന്നാം പ്രതി ഷിജോ മോനെ തിരുവനന്തപുരത്തു നിന്നാണ് അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

കേസിലെ രണ്ടാം പ്രതിയായ ഹിനോ ലെനിന്‍ എറണാകുളം ഭാഗത്ത് ഹോസ്റ്റലുകളില്‍ മാറിമാറി താമസിക്കുകയായിരുന്നു. ഇടുക്കി സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സ്ഥാപനത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന രണ്ടാം പ്രതിയുടെ ഭര്‍ത്താവ് ലെനിന്‍ (40) മാളിയേക്കല്‍ വിദേശത്തേക്ക് കടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇയാളെ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന ഒരു മാഫിയ തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായിട്ട് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തി കൂടുതല്‍ ആള്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ ഇടുക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു.  കുര്യാക്കോസിന്റെ നിര്‍ദ്ദേശത്തില്‍ ഇടുക്കി ഡി.വൈ.എസ്.പി ജില്‍സണ്‍ മാത്യു വിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

എസ്.എച്ച്.ഒ. എന്‍.എസ് റോയ്, എസ്.ഐ സാബു തോമസ്, എ.എസ്.ഐ ജോര്‍ജ് കുട്ടി, സ്‌ക്വാഡ് അംഗങ്ങളായ സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍. അനീഷ്, ശ്രീജിത്ത് ശ്രീകുമാര്‍, ജയേഷ് ഗോപി, സിവില്‍ പോലീസ് ഓഫീസര്‍മാരായ എല്‍ദോസ്, സംഗീത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Advertisment