തൊടുപുഴ: വിദ്യാര്‍ത്ഥിനിയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത പ്രവാസി പിടിയില്‍. തൊടുപുഴ കുമാരമംഗലം പാറക്കാട്ട് ഡിങ്കര്‍പോളാണ് (47) പിടിയിലായത്. ചൊവ്വ വൈകിട്ട് ആറിനാണ് സംഭവം.
കല്ലൂര്‍ക്കാട് സ്വദേശിനിയായ പെണ്‍കുട്ടി അമ്മ നടത്തുന്ന ഡ്രൈവിങ് സ്‌കൂളിലെ ഗ്രൗണ്ട് ടെസ്റ്റിനുള്ള വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പൈങ്കുളത്തുള്ള മൈതാനത്തെത്തി. സമീപത്താണ് പ്രതിയുടെ വീട്. പെണ്‍കുട്ടിയെത്തിയ ഇയാളുടെ വീടിന്റെ ഗേറ്റിന് സമീപത്താണ് പാര്‍ക്ക് ചെയ്തത്.
/sathyam/media/post_attachments/pgldM4uFu7yqh8QbsCBP.jpg)
വാഹനത്തിലെത്തിയ പ്രതി സ്‌കൂട്ടര്‍ ഇവിടെ വച്ചതാരാണെന്ന് ചോദിച്ച് സ്‌കൂട്ടര്‍ ചവിട്ടി മറിച്ചിട്ടു. ഇതു ചോദ്യം ചെയ്ത പെണ്‍കുട്ടിയെ മറ്റുള്ളവര്‍ നോക്കിനില്‍ക്കെ അസഭ്യം പറഞ്ഞ് ദേഹത്ത് ചവിട്ടി.
സ്‌കൂട്ടറുമായി സ്ഥലത്തുനിന്ന് പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാളുടെ വീട്ടുവളപ്പിലേക്ക് വലിച്ചു കൊണ്ടുപോയി ഗേറ്റ് പൂട്ടി അരമണിക്കൂറോളം തടഞ്ഞുവച്ചു. പെണ്‍കുട്ടിയുടെ മാതാവെത്തിയിട്ടും വിട്ടില്ല.
തുടര്‍ന്ന് അമ്മ തൊടുപുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവ സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 20 ദിവസം മുമ്പാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നെത്തിയത്. 25ന് തിരികെ പോകാനിരിക്കവെയാണ് അറസ്റ്റ്.