വൈക്കം: മദ്യ ലഹരിയില്‍ യുവാക്കള്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് യുവാവിനും തടസം പിടിക്കാനെത്തിയ വയോധികയ്ക്കും വെട്ടേറ്റു. നേരേകടവ് വട്ടത്തറയില്‍ ഗോപേഷ് (38), നേരേകടവ് പുത്തന്‍തറയില്‍ ഭാമ (64) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തിൽ പുത്തന്‍തറയില്‍ സതീശ(42)നെ അറസ്റ്റു ചെയ്തു. ഭാമ സതീശന്റെ മാതാവാണ്.
/sathyam/media/post_attachments/ubqcuhTQEIeYxikgNq28.jpg)
കൈയ്ക്കും കഴുത്തിനും പരിക്കേറ്റ ഗോപേഷിനേയും കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാമയേയും വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് നേരേകടവ് കായലോരത്തെ ഫിഷ്‌ലാന്‍ഡിംഗ് സെന്ററിനു സമീപത്തായിരുന്നു സംഭവം. സതീശന്‍ കക്കാവാരല്‍ തൊഴിലാളിയാണ്. സതീശന്റെ സൈക്കിളിലെ ഹോണില്‍ ഗോപേഷ് പിടിച്ച് അമര്‍ത്തിയതിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
സംഭവസ്ഥലത്തെത്തിയ വൈക്കം പോലീസ് ആക്രമണം നടന്ന സ്ഥലത്തു എത്തി പരിശോധന നടത്തി ആക്രമണത്തിനുപയോഗിച്ച അരിവാള്‍ കണ്ടെടുത്തു.