ബ്ലേഡ് മാഫിയ: കായംകുളത്ത് അഞ്ചിടങ്ങളില്‍ റെയ്ഡ്; ചെക്കുകളും മുദ്രപത്രങ്ങളും പിടികൂടി

author-image
neenu thodupuzha
New Update

ആലപ്പുഴ: അമിത പലിശയ്ക്ക് പണം നല്‍കുന്ന ബ്ലേഡ് മാഫിയകള്‍ക്കെതിരെ പോലീസ് കായംകുളത്ത് വ്യാപക റെയ്ഡ് നടത്തി. കായംകുളം, കരീലക്കുളങ്ങര പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട അഞ്ച് സ്ഥലത്താണ് അമിത പലിശയ്ക്കും മീറ്റര്‍ പലിശയ്ക്കും പണം നല്‍കുന്നതിനെതിരെ ശനിയാഴ്ച വൈകിട്ട് ഒരേ സമയം പോലീസ് റെയ്ഡ് നടത്തിയത്. കായംകുളം വളയക്കകത്ത് തറയില്‍ വീട്ടില്‍ അന്‍ഷാദിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും പിടിച്ചെടുത്തു.

Advertisment

publive-image

പത്തിയൂര്‍ എരുവ പാലാഞ്ഞിയില്‍ വീട്ടില്‍ അനൂപിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ 12 ബ്‌ളാങ്ക് ചെക്കുകളും എട്ട് മുദ്രപത്രങ്ങളും, മൂന്ന് പാസ്‌പോര്‍ട്ടുകളും ഒരു ആര്‍.സി. ബുക്കും കണ്ടെടുത്തു. കൂടാതെ ഇയാളുടെ വീട്ടില്‍ നിന്നും ലൈസന്‍സോ, ബില്ലോ മറ്റ് രേഖകളോ ഇല്ലാത്ത ഒരു എയര്‍ ഗണ്ണും കണ്ടെടുത്തു.

പത്തിയൂര്‍ എരുവ പട്ടത്തും മുറിയില്‍ വീട്ടില്‍ സനീസിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ചെക്കുകളും മുദ്രപത്രങ്ങളും 1000 രൂപയുടെ 94 നിരോധിച്ച നോട്ടുകളും  500 രൂപയുടെ രണ്ട് നിരോധിച്ച നോട്ടുകളും ഒരു ആര്‍.സി.ബുക്കും കണ്ടെടുത്തു.

പത്തിയൂര്‍ എരുവ മുറിയില്‍ ഇല്ലത്ത് വീട്ടില്‍ മുഹമ്മദ് സ്വാലിഹിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ല.

കരീലക്കുളങ്ങര പത്തിയൂര്‍ എരുവ താഴ്ചയില്‍ വീട്ടില്‍ റിയാസിന്റെ വീട്ടില്‍ നിന്നും 10 ബ്ലാങ്ക് ചെക്കുകളും എട്ട് മുദ്ര പത്രങ്ങളും, ഒന്‍പത് ആര്‍.സി. ബുക്കുകളും ഒരു പാസ് ബുക്കും കണ്ടെടുത്തു.

അന്‍ഷാദ്, അനൂപ്, സനീസ് എന്നിവര്‍ക്കെതിരെ കായംകുളം പോലീസ് സ്‌റ്റേഷനിലും റിയാസിന് എതിരെ കരീലക്കുളങ്ങര പോലീസ് സ്‌റ്റേഷനിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനൂപിനെ പോലീസ് അറസ്റ്റു ചെയ്തു.

ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തില്‍  പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതിനാല്‍ കൊല്ലം ഓച്ചിറ സ്‌റ്റേഷനിലേക്ക് റിപ്പോര്‍ട്ട് അയച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

കായംകുളം മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലും മീറ്റര്‍ പലിശക്കാരും കൊള്ള പലിശക്കാരും ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ കടകളിലും മറ്റും കയറി ഭീഷണിപ്പെടുത്തിയും മറ്റും വന്‍തോതില്‍ പലിശ പിരിവ് നടത്തുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഒരേ സമയം വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയത്. ഗുണ്ടാ സംഘങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്ന കായംകുളത്തെ ഗുണ്ടാ സംഘത്തലവനെപ്പറ്റി വിവരം ലഭിച്ചിട്ടുള്ളതും അന്വേഷണം നടത്തി വരുന്നതുമാണ്.

റെയ്ഡില്‍ പിടിച്ചെടുത്തവരുടെ സ്വത്തുവകകള്‍ കണ്ടെത്തുന്നതിനും , കണ്ടുകെട്ടുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണ്. മീറ്റര്‍ പലിശക്കാരായ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുകയും കാപ്പാ ഉള്‍പ്പെടെയുള്ള നടപടികളെടുക്കുന്നതാണ്.

ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം കായംകുളം ഡിവൈ.എസ്.പി. അജയ്‌നാഥിന്റെ മേല്‍നോട്ടത്തില്‍ കായംകുളം സി.ഐ. മുഹമ്മദ് ഷാഫി, കരീലക്കുളങ്ങര സി.ഐ. ഏലിയാസ് ജോര്‍ജ്, കനകക്കുന്ന് സി.ഐ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നതാണെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Advertisment