കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമയെ സിഐടിയു നേതാക്കൾ ഉൾപ്പെടെ മർദ്ദിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യകേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കോട്ടയം ജില്ലാ പോലീസ് മേധാവിയും സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ നേരിട്ടുള്ള വിമര്‍ശനം.
/sathyam/media/post_attachments/No7hpLTAdZvjAyKzl4NK.jpg)
പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് ബസുടമ ആക്രമിക്കപ്പെട്ടത്. ആ സമയം എത്ര പോലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ടെന്നും കോടതി പറഞ്ഞു.
കോടതിയിലും ലേബർ ഓഫിസർക്ക് മുന്നിലും തോറ്റാൽ എല്ലാ ട്രേഡ് യുണിയനുകളും ഇതാണ് ചെയ്യുക അത് മനസ്സിലാക്കിയാണ് പോലീസ് സംരക്ഷണം വേണമെന്ന് ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, ആക്രമണം പെട്ടെന്നുണ്ടായതാണെന്നായിരുന്നു പോലീന്റെ വിശദീകരണം. എന്നാൽ, നാടകമല്ലെ നടന്നതെന്ന് കോടതി ചോദിച്ചു. ഒന്നു തല്ലിക്കോ എന്ന സമീപനമാണ് ഈ സംഭവത്തിൽ പോലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത്. അക്രമണം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണമുണ്ടായോ? ഇത്തരം പ്രശ്നങ്ങളുണ്ടായാൽ കോടതിയിൽ വന്നാലും നീതി കിട്ടില്ലെന്ന തോന്നലുണ്ടാക്കും. അന്ന് ബസുടമയ്ക്ക് കിട്ടിയ അടി ശരിക്കും കൊണ്ടത് കോടതിയുടെ മുഖത്താണ്. അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേയെന്നും കോടതി ചോദിച്ചു.
കുമരകം എസ്എച്ച്ഒയും ഡിവൈഎസ്പിയും സംഭവത്തിൽ സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് ഈ മാസം 18 ന് വീണ്ടും പരിഗണിക്കും. അന്നും എസ്എച്ചഒയും ഡിവൈഎസ്പിയും ഹാജരാകമെന്നും കോടതി നിർദ്ദേശിച്ചു. പോലീസ് സംരക്ഷണമുണ്ടായിട്ടും ബസുടമയ്ക്കെതിരെ എങ്ങനെ മർദ്ദനമുണ്ടായി, കേസിൽ പോലീസ് ഇതുവരെ എന്തു അന്വേഷണം നടത്തിയന്നതും അടുത്ത ദിവസം കേസ് പരിഗണിക്കവേ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.