കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ പി.വി. ശ്രീനിജൻ എം.എൽ.എയുടെ പരാതിയിൽ പോലീസ് എടുത്ത വഴിവിട്ട നടപടികൾ ഇന്ന് കോടതികൾ ഫലത്തിൽ ചവറ്റുകൊട്ടയിലെറിഞ്ഞിരിക്കുന്നു.
പി.വി. ശ്രീനിജന്റെ പരാതിയിൽ പോലീസ് എടുത്ത എസ് സി-എസ് ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും അതേതുടർന്ന് ഏത് വിധേനയും ഷാജനെ അറസ്റ്റ് ചെയ്യാനായി മറുനാടൻ ഓഫീസുകളിലും ജീവനക്കാരുടെയും ഷാജന്റെ സുഹൃത്തുക്കളുടെയും വീടുകളിലും പോലീസ് നടത്തിയ റെയ്‌ഡ് പ്രഹസനങ്ങളും ഇന്ന് പരമോന്നത കോടതികൾ തള്ളിയിരിക്കുകയാണ്.
പി.വി. ശ്രീനിജനെതിരായ ഷാജന്റെ പരാമർശങ്ങൾ അപകീർത്തികരമാകാം എങ്കിലും അത് എസ് സി-എസ് ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതോടെ പോലീസ് കെട്ടിപ്പൊക്കിയ ശ്രീനിജൻ കേസ് ആവിയായി. ഇനി പോലീസ് സ്റ്റേഷനിലെത്തി ജാമ്യമെടുത്ത് പോകാവുന്ന വകുപ്പുകൾ മാത്രമാണ് ആ കേസിൽ അവശേഷിക്കുന്നത്.
ഷാജനെ കണ്ടെത്താനെന്ന പേരിൽ ഷാജന്റെ സുഹൃത്തായ പത്തനംതിട്ടയിലെ മംഗളം ലേഖകൻ വൈശാഖന്റെ വീട്ടിൽ നടത്തിയ റെയ്‌ഡും അദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത നടപടിയും ഇന്ന് ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചതോടെ എടുത്തുകൊണ്ടുപോയതെല്ലാം പോലീസ് ഇനി തിരിച്ചു കൊടുക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
ഈ കേസിൽ രൂക്ഷമായ ഭാഷയിൽ പോലീസിനെ വിമർശിച്ച ഹൈക്കോടതി ഫോൺ തിരിച്ചുകൊടുക്കാൻ ഉത്തരവിറക്കുകയും ചെയ്തു. പോലീസ് നടപടി നിയമ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഷാജനെ അറസ്റ്റ് ചെയ്യാൻ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ലെന്ന് സുപ്രീം കോടതിതന്നെ പറഞ്ഞതോടെ അതിൻ്റെ ബാക്കിയായി പോലീസ് കാണിച്ചുകൂട്ടിയതൊക്കെ അബദ്ധങ്ങളായി മാറി.
ഇതോടെ മറുനാടൻ ഓഫീസുകളിൽ നിന്നും കമ്പ്യൂട്ടറുകളും ക്യാമറകളും ഫോണുകളും കൂട്ടത്തോടെ പിടിച്ചെടുത്ത പോലീസ് നടപടിയും ഇനി പോലീസിന് സ്വയം തിരുത്തേണ്ടിവരും. അതല്ലെങ്കിൽ ഇനിയും ഹൈക്കോടതിയിൽ നിന്നും മേടിച്ചുകെട്ടേണ്ടി വരും.
മാധ്യമ ഉടമയ്‌ക്കെതിരെ കേസുണ്ടെന്ന പേരിൽ ഒരു മാധ്യമ സ്ഥാപനത്തിലെ മുഴുവൻ കമ്പ്യൂട്ടറുകളും ക്യാമറകളും മറ്റുപകരണങ്ങളും പിടിച്ചെടുക്കുകയും ജീവനക്കാരെയും അയാളുടെ പരിചയക്കാരെയും മുഴുവൻ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസ് അഴിഞ്ഞാട്ടത്തിനാണ് യഥാർത്ഥത്തിൽ തിരിച്ചടി നേരിട്ടത്.
മറുനാടൻ ഓഫീസുകളിലും മാധ്യമ പ്രവർത്തകരുടെ വീടുകളിലും നടന്ന പോലീസ് നടപടികളിൽ ഓൺലൈൻ മീഡിയകളുടെ മാനേജ്‌മെന്റ് അസോസിയേഷനായ കോം ഇന്ത്യയും കേരള പത്രപ്രവർത്തക യൂണിയനും പ്രതിക്ഷേധവുമായി രംഗത്ത് വന്നിരുന്നു .