തൊടുപുഴ: കമ്പ് മുറിക്കാന്‍ കയറി മരത്തിന്റെ മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. തൊടുപുഴ പട്ടയംകവല പൊട്ടംപ്ലാക്കല്‍ ഷാജഹാ (57) നാണ് മരത്തിനുമുകളില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം പട്ടയം കവലയിലാണ് സംഭവം.
60 അടിയോളം ഉയരമുള്ള കമ്പകമരം മുറിക്കുന്നതിനിടെ ശിഖരങ്ങള്‍ വെട്ടാന്‍ കയറിയ ഷാജഹാന് മുകളിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഷാജഹാന്‍ ശിഖരത്തില്‍ പിടിച്ചിരുന്നു. തുടര്‍ന്ന് മരം വെട്ടുതൊഴിലാളിയും സമീപവാസിയുമായ ബഷീര്‍ മരത്തില്‍ കയറി ഷാജഹാനെ കയറുപയോഗിച്ച് മരത്തില്‍ ബന്ധിച്ച് നിര്‍ത്തി.
/sathyam/media/post_attachments/RiOOKltQDmcjLZjZFp7s.jpg)
വിവരമറിഞ്ഞ് തൊടുപുഴ അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ജെ.എ. ജാഫര്‍ഖാനും സംഘവും സ്ഥലത്തെത്തി. സേനാംഗങ്ങള്‍ മരത്തില്‍ കയറി തടസമായി നിന്ന ശിഖരങ്ങള്‍ വെട്ടിമാറ്റി വല ഉപയോഗിച്ച് ഷാജഹാനെ മരത്തില്‍ നിന്ന് താഴെയിറക്കി. അവശനിലയിലായിരുന്ന ഷാജഹാനെ ഉടന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ പി.എന്‍ അനൂപ്, ജൂബി തോമസ്, ബിബിന്‍ എ. തങ്കപ്പന്‍, സുനില്‍ എം. കേശവന്‍, അനില്‍ നാരായണന്‍, എസ്. ശരത്ത്, പി.പി. പ്രവീണ്‍, ഹോം ഗാര്‍ഡ് പി.ടി. ഷാജി, സിവില്‍ ഡിഫന്‍സ് അംഗം മുഹമ്മദ് അന്‍സാരി എന്നിവരും നാട്ടുകാരും നേതൃത്വം നല്‍കി.