തൊടുപുഴ: പോക്‌സോ കേസില്‍ പിടിയിലായ പ്രതിയുടെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. തൊടുപുഴ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നഹാസിനാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ആക്രമണത്തില്‍ റോഡില്‍ മുഖമടിച്ച് വീണ പോലീസുകാരന്റെ മുന്‍നിരയിലെ രണ്ട് പല്ല് ഒടിഞ്ഞ് പോയി. താടിയെല്ലിനും നെഞ്ചിനും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്ത കുടയത്തൂര്‍ കാക്കനാട്ട് വീട്ടില്‍ സ്വദേശി അഭിജിത്താ(20)ണ് പോലീസുകാരനെ ആക്രമിച്ചത്.
/sathyam/media/post_attachments/9kmwcsRMROZdQhPMiT8S.jpg)
കേസില്‍ ചൊവ്വാഴ്ച രാത്രി അഭിജിത്തിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതിയ്ക്ക് പോലീസുകാര്‍ ഭക്ഷണം വാങ്ങി നല്‍കി. ഭക്ഷണം കഴിച്ച ശേഷം പോലീസ് വാഹനത്തിലേക്ക് കയറാന്‍ തുടങ്ങുന്നതിനിടെ അഭിജിത്ത് നഹാസിനെ പിന്നില്‍ നിന്നും തള്ളി വീഴ്ത്തി ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഭിജിത്തിനെ കൂടെയുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. അഭിജിത്തിന്റെ പേരില്‍ പോലീസുകാരെ മര്‍ദ്ദിച്ചതിന്റെ പേരിലും കേസെടുത്തു. പരുക്കേറ്റ നഹാസിനെ തൊടുപുഴ സ്‌റ്റേഷനില്‍ നിന്നും എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് ആശുപത്രിയിലാക്കിയത്. നഹാസ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.