/sathyam/media/post_attachments/6v3iGtIlQtLdP8mTHv4N.jpg)
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസഭ പ്രവേശനത്തില്‍ വ്യക്തതയായില്ല. സര്‍ക്കാര്‍ രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ നിലവില്‍ മന്ത്രിസഭയിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ആന്റണി രാജുവിന് പകരം കേരള കോണ്‍ഗ്രസ് ബിയുടെ ഗണേഷ് കുമാറും ഐഎന്‍എല്‍ പ്രതിനിധി അഹമ്മദ് ദേവര്‍കോവിലിന് പകരം കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാകുമെന്നുമായിരുന്നു ധാരണ.
ഇതില്‍ ഗണേഷിന് മന്ത്രി സ്ഥാനം ലഭിക്കുമോ എന്നതിലാണ് ഇപ്പോള്‍ ആശയക്കുഴപ്പം ഉള്ളത്. ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിക്കുന്നതിനാല്‍ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും ഗണേഷിനോട് അതൃപ്തിയുണ്ട്. തന്റെ മണ്ഡലമായ പത്തനാപുരത്തെ സര്‍ക്കാര്‍ പരിപാടികളിലും ഗണേഷിന്റെ സാന്നിദ്ധ്യം കുറവാണ്.
ഗണേഷിന്റെ കുടുംബസ്വത്ത് സംബന്ധിച്ച സഹോദരിയുമായുള്ള തര്‍ക്കമാണ് ആദ്യ ടേമില്‍ മന്ത്രി സ്ഥാനം ലഭിക്കാതിരിക്കാനുള്ള കാരണം. കേസ് കോടതിയില്‍ നടക്കുകയാണ്. ഈ കേസ് തീര്‍പ്പാകാത്തത് പറഞ്ഞാവും മന്ത്രി സ്ഥാനം ഇത്തവണയും നിഷേധിക്കുക.
ഈ സാഹചര്യത്തില്‍ ഗണേഷ് യുഡിഎഫിലേക്ക് മടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്. എന്‍എസ്എസും അതാണ് ആഗ്രഹിക്കുന്നതെന്നാണ് വിവരം. അടുത്തിടെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഗണേഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗണേഷ് എല്‍ഡിഎഫിലാണോ യുഡിഎഫിലാണോ ഉണ്ടാവുക എന്ന് വരുംമാസങ്ങളില്‍ അറിയാന്‍ കഴിയുമെന്നാണ് കരുതുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us