കോട്ടയത്തെ കോണ്‍ഗ്രസിന്റെ അഴിച്ചു പണി ഉടന്‍ ! നാലാള്‍ അറിയുന്നതും ജില്ലയുടെ അതിര്‍ത്തിയെങ്കിലും അറിയാവുന്നതുമായ നേതാക്കളെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് പ്രവര്‍ത്തകര്‍. മുന്‍ ഡിസിസി അധ്യക്ഷന്‍ അഡ്വ. ടോമി കല്ലാനിയെ വീണ്ടും കൊണ്ടുവരണമെന്ന് ഒരു വിഭാഗം. ബൂത്തിലും മണ്ഡലം തലത്തിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പരിചയ സമ്പന്നന്‍ വേണമെന്ന് ആവശ്യം. ഫില്‍സണ്‍ മാത്യൂസ്, അഡ്വ. സിബി ചേനപ്പാടി, യൂജിന്‍ തോമസ് എന്നിവരുടെ പട്ടികയുമായി എ ഗ്രൂപ്പ്. വാകത്താനം പഞ്ചായത്തില്‍ മാത്രം അറിയപ്പെടുന്ന നേതാവിനെ പ്രസിഡന്റാക്കിയ ദുരിതം ഇനിയെങ്കിലും ആവര്‍ത്തിക്കരുതെന്ന അപേക്ഷയുമായി പ്രവര്‍ത്തകര്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, May 14, 2021

 

കോട്ടയം: ജില്ലയിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റണമെന്ന ആവശ്യത്തിന് ശക്തിയേറിയതിന് പിന്നാലെ പുതിയ ആളെ കണ്ടെത്താന്‍ നീക്കം തുടങ്ങി.

എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന ജില്ലയില്‍ ആ വിഭാഗത്തില്‍ നിന്നുള്ള ആളെയാകും പരിഗണിക്കുക. പുനസംഘടന വന്നാല്‍ പറയാന്‍ ഉമ്മന്‍ചാണ്ടി ചില പേരുകള്‍ മനസില്‍ കരുതി വച്ചിട്ടുമുണ്ട്.

നിലവിലെ ഡിസിസി അധ്യക്ഷന്‍ ജോഷി ഫിലിപ്പ് ഉമ്മന്‍ചാണ്ടിയുടെ നോമിനിയാണ്. എന്നാല്‍ അദ്ദേഹം ചുമതലയേറ്റ ശേഷം നാള്‍ക്കുനാള്‍ പാര്‍ട്ടി സംഘടനാ സംവീധാനം ദുര്‍ബലപ്പെടുന്നു എന്ന സ്ഥിതിയാണുള്ളതെന്ന് പ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നു.

അത് നേതൃത്വത്തിനും ബോധ്യമുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒന്നും ചെയ്യാത്ത ആളെ ഗ്രൂപ്പിന്റെ ബലത്തില്‍ തലപ്പത്ത് ഇരുത്തിയതില്‍ കടുത്ത അമര്‍ഷം അന്നു തന്നെ ഉയര്‍ന്നിരുന്നു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് അനര്‍ഹമായ സീറ്റുകള്‍ അന്നു ഡിസിസി പ്രസിഡന്റ് ഇടപെട്ട് വിട്ടു നല്‍കിയത് പ്രതിഷേധത്തിന് കാരണമായിരുന്നു.

ഇതിനു പിന്നാലെ ജോസഫ് വിഭാഗവും കോണ്‍ഗ്രസും പലയിടത്തും ദയനീയമായി പരാജയപ്പെട്ടിരുന്നു. അന്നു ജോസഫ് വിഭാഗത്തിന് വഴിവിട്ട സഹായം ഡിസിസി പ്രസിഡന്റ് ചെയ്തത് തനിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചങ്ങനാശേരിയോ, കാഞ്ഞിരപ്പള്ളിയോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഈ സീറ്റുകള്‍ കിട്ടാതായതോടെ ഡിസിസി പ്രസിഡന്റ് ഒരു മണ്ഡലങ്ങളിലേക്കും തിരിഞ്ഞു നോക്കിയില്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി മാത്രമായി അവിടെ പ്രവര്‍ത്തിച്ചു. ജില്ലാ തലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഒരു കോ ഓര്‍ഡിനേഷനും ഡിസിസി ഭാഗത്തുനിന്നും ഉണ്ടായില്ല.

അതുകൊണ്ടുതന്നെ പുതുപ്പള്ളിയും കോട്ടയവും ഒഴികെ കോണ്‍ഗ്രസിന് ലഭിച്ച മൂന്നു സീറ്റും പരാജയപ്പെട്ടു. ഇതോടെയാണ് ഡിസിസി പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തമായത്. ഗ്രൂപ്പുകളില്ലാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന ആളെ വേണം ഡിസിസി അധ്യക്ഷനാക്കേണ്ടതെന്നാണ് പ്രവര്‍ത്തകരുടെ വികാരം.

നിലവില്‍ അത്തരത്തില്‍ ജില്ല മുഴുവന്‍ അറിയപ്പെടുന്നതും പ്രവര്‍ത്തകര്‍ അംഗീകരിക്കുന്നതുമായ നേതാക്കള്‍ ചുരുക്കമാണ്. അത്തരം ഒരാളെ ഡിസിസി പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന പേരില്‍ മുന്നിലുള്ളത് മുന്‍ ഡിസിസി പ്രസിഡന്റു കൂടിയായ ടോമി കല്ലാനിയാണ്.

നേരത്തെ പ്രവര്‍ത്തിച്ചുള്ള പരിചയവും ജില്ലയില്‍ മുഴുവന്‍ അറിയാവുന്നതുമായ ആളെ പ്രസിഡന്റാക്കിയാല്‍ അതു ഗുണം ചെയ്യുമെന്നാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. മികച്ച സംഘാടകനെന്ന മികവും ടോമി കല്ലാനിക്ക് അനുകൂലമാണ്.

എന്നാൽ കെ പിസിസി ജനറൽ സെക്രട്ടറിയായ അദ്ദേഹം ചുമതല എൽക്കാൻ തയ്യാറാകുമോ എന്ന് വ്യക്തമല്ല. അത്തരത്തിൽ പരിഗണിക്കാവുന്ന മറ്റൊരു പേരാണ് ജോസഫ് വാഴക്കന്റേത്. പക്ഷേ അദ്ദേഹവും കെപിസിസി ഉപാധ്യക്ഷനാണ്. അതേസമയം എ ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്ന പേരുകള്‍ മൂന്നെണ്ണമുണ്ട്.

ഫില്‍സണ്‍ തോമസ്, യൂജിന്‍ തോമസ്, അഡ്വ. സിബി ചേനപ്പാടി എന്നിവരാണ് എ ഗ്രൂപ്പിന്റെ പട്ടികയിലുള്ളത്. എന്നാല്‍ ഇവരില്‍ പലരെയും സ്വന്തം ബ്ലോക്കില്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയില്ലെന്നതാണ് വസ്തുത.

മുമ്പ് വാകത്താനം പഞ്ചായത്തില്‍ മാത്രം അറിയപ്പെടുന്ന നേതാവിനെ പ്രസിഡന്റാക്കിയതിന്റെ ദുരിതം ഇനിയും മാറിയിട്ടില്ലെന്നാണ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.

ഗ്രൂപ്പിന്റെ മാത്രം അടിസ്ഥാനത്തില്‍ ഡിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാതെ പ്രവര്‍ത്തന മികവും പൊതുജനാഗീകാരവും നോക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

×