ചെന്നൈ: പ്രതിഫല തുകയ്ക്കു നികുതി അടച്ചില്ലെന്നു കാണിച്ചുള്ള ആദായനികുതി വകുപ്പിന്റെ ഹർജിയിൽ സംഗീത സംവിധായകൻ എ.ആർ.റഹ്മാനു മദ്രാസ് ഹൈക്കോടതി നോട്ടിസ്. 2011ൽ ഇംഗ്ലണ്ടിലെ ലിബറ മൊബൈൽ കമ്പനിക്കായി റിങ് ടോണുകൾ നിർമിച്ചു നൽകിയതിനു ലഭിച്ച പ്രതിഫലത്തുകയായ 3.47 കോടി രൂപ എആർആർ ഫൗണ്ടേഷന്റെ പേരിൽ വാങ്ങിയതായും നികുതി അടച്ചിട്ടില്ലെന്നുമാണു പരാതി.
/sathyam/media/post_attachments/VrfinN4qxZRh2vrYWA91.jpg)
പ്രതിഫല തുക നേരിട്ടു വാങ്ങുന്നതിനു പകരം നികുതി വെട്ടിക്കാൻ ജീവകാരുണ്യ സംഘടനയായ എആർആർ ഫൗണ്ടേഷന്റെ പേരിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ആദായനികുതി വകുപ്പിനു വേണ്ടി ഹാജരായ ടി.ആർ.സെന്തിൽ കുമാർ കോടതിയെ അറിയിച്ചു.
ഇതേ ഹർജി ആദായനികുതി ട്രൈബ്യൂണൽ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതിഫലമായി ലഭിക്കുന്ന തുക ചാരിറ്റിബിൾ ട്രസ്റ്റിന്റെ പേരിൽ വാങ്ങാൻ കഴിയില്ലെന്നും നികുതി അടച്ച ശേഷം ബാക്കി തുക ട്രസ്റ്റിന്റെ പേരിലേക്കു മാറ്റുകയാണു വേണ്ടതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വാദം.