പാലാ ഏഴാച്ചേരി താഴത്തുരുത്തിയിൽ സതീഷിൻ്റെ വീട്ടു മുറ്റത്തോടു ചേർന്ന് രണ്ടേക്കറോളം ‘വന’ മാണ്; നാട്ടിലെ ഒരു സൂപ്പർ കാട് !

സുനില്‍ പാലാ
Saturday, June 5, 2021

പാലാ: ദിവസം ഒരു നേരമെങ്കിലും സതീഷ് ഈ കാട്ടിലേക്ക് കയറും. മരങ്ങളെ കെട്ടിപ്പിടിച്ച് വർത്തമാനം പറയും. തൊട്ടുതലോടും. കഴിഞ്ഞ നാലു പതിറ്റാണ്ടായുള്ള ദിനചര്യയാണിത്.

നാട്ടിൽ വീടിനോടു ചേർന്നൊരു വനം സതീഷിൻ്റെ സ്വപ്നമായിരുന്നു. ഏഴാം ക്ലാസ്സുമുതൽ തുടങ്ങിയ പ്രകൃതി – പരിസ്ഥിതി സ്നേഹം ഈ 53-ാം വയസ്സിലും ഇദ്ദേഹം തുടരുകയാണ്. കർമ്മം കൊണ്ട് ഒരു മരുന്നുവിതരണ കമ്പിനിയുടെ ഫീൽഡ് മാനേജരായിരിക്കുമ്പോഴും കാടും മരങ്ങളും സതീഷിനൊരു ലഹരിയാണ്.

സോപ്പ് മരം, വേങ്ങ, പലകപ്പയ്യാനി മെഴുകു മരം, തുടങ്ങി മരവുരി മരവും അഞ്ചിനം ആലുകളും കർപ്പൂര മരവുമെല്ലാം സതീഷിൻ്റെ വനത്തിലുണ്ട്. വ്യത്യസ്തമായ 12 ഇനം മുളകളാൽ ചുറ്റപ്പെട്ട വനം ഏഴാച്ചേരി ചിറ്റേട്ട് എൻ. എസ്. എസ്. എൽ.പി. സ്കൂളിന് എതിർ വശം വലിയതോടിൻ്റെ അതിരിൽ നിന്നാരംഭിക്കുന്നു.

തനി നാടൻ ഗ്രാമത്തിലെ വീടിനു ചുറ്റുമുള്ള ഈ കാട് ആദ്യം കാണുന്ന ആരിലും വന വിസ്മയം ജനിപ്പിക്കും. നട്ടുച്ചയ്ക്ക് പോലും ഇരുട്ടു പരക്കുന്ന അന്തരീക്ഷം, ചീവീടുകളുടെ നിർത്താതെയുള്ള ചിലയ്ക്കൽ, പലതരം പക്ഷികളുടെ ആഹ്ളാദാരവങ്ങൾ, മരപ്പട്ടിയും ഉടുമ്പും പാമ്പുകളും കീരിയുമൊക്കെ സ്വൈര്യ വിഹാരം നടത്തുന്ന കാട്.

“ഇന്നലെക്കൂടി വീട്ടുമുറ്റത്ത് ഒരു മലമ്പാമ്പിൻ്റെ കുഞ്ഞ് വന്നു. അൽപ്പം കഴിഞ്ഞപ്പോൾ അത് കാട്ടിലേക്ക് തന്നെ കയറിപ്പോയി. ഒന്നിനേയും ഞാനോ കുടുംബാംഗങ്ങളോ ഉപദ്രവിക്കില്ല. അവറ്റകൾ ഞങ്ങളേയും … ” – പൊട്ടിച്ചിരിച്ചു കൊണ്ട് സതീഷ് പറഞ്ഞു.

കാടിൻ്റെ ഒരറ്റം നിറയെ ഔഷധച്ചെടികളും മരങ്ങളുമാണ്. തേക്ക് , ആഞ്ഞിലി, പ്ലാവ് എന്നിവയോടൊപ്പം ഈട്ടിയും, പാലയും മരുതുമരവുമെല്ലാം ഇടകലർന്നു കാണാം. കൂറ്റൻ വള്ളിപ്പടർപ്പുകളാണ് ഒരു വശത്ത്. വലിയതോടിൻ്റെ തീരം നിറയെ മുളങ്കൂട്ടങ്ങളുണ്ട്.

“പ്രകൃതിയോട്, പ്രത്യേകിച്ച് കാടിനോട് വല്ലാത്തൊരു സ്നേഹമാണെനിയ്ക്ക് . പുതിയൊരു കാട്ടുമരമോ, ഔഷധ മരമോ എവിടെ കണ്ടാലും അതിൻ്റെ തൈകളോ കമ്പോ ശേഖരിച്ച് വീട്ടുവളപ്പിൽ കൊണ്ടു നട്ടാലേ എനിയ്ക്ക് സമാധാനമുണ്ടാകൂ”- സതീഷ് പറഞ്ഞു.

തൻ്റെ കൊച്ചു വനത്തിലെ ഒരു മുളങ്കമ്പ് പോലും മുറിക്കുന്നത് സതീഷിന് ഇഷ്ടമല്ല. അവ സ്വാഭാവികമായി ഒടിഞ്ഞു പോകുമ്പോൾ പൊയ്ക്കോട്ടെ എന്നാണ് നിലപാട്. പ്രകൃതിയേയും മരങ്ങളേയും ജീവികളെയും വേദനിപ്പിക്കാൻ പാടില്ലെന്ന തത്വശാസ്ത്രമാണ് ഇദ്ദേഹത്തിന്.

പ്രകൃതി സ്നേഹം തലയ്ക്ക് പിടിച്ചപ്പോൾ കൂട്ടുകാരുമായി ചേർന്ന് രണ്ട് പതിറ്റാണ്ടു മുമ്പ് നാട്ടിൽ സ്റ്റോണേജ് നേച്ചർ ക്ലബ്ബ് എന്നൊരു സംഘടന രൂപീകരിച്ച സതീഷ്, നാട്ടിലെ “വെള്ളമരമുത്തച്ഛനേയും ” വല്യ തോടിനേയുമൊക്കെ ആദരിക്കാനും മുന്നിട്ടിറങ്ങി. ഇതോടെ സ്റ്റോണേജ് ക്ലബ്ബും ഏറെ വളർന്നു.

സതീഷിൻ്റെ വന സ്നേഹത്തോടു രാപ്പാർക്കാൻ ഭാര്യ മിനിയ്ക്കും, മക്കൾ സിന്ദൂരിയ്ക്കും, ആദിത്യയ്ക്കും നൂറുവട്ടം സമ്മതം.

മുളങ്കമ്പുകൾ സംഗീതം പൊഴിക്കുന്ന പകലിലും കൂമനും കുറുനരിയും ബഹളം വെയ്ക്കുന്ന രാത്രികളും ഇവർക്ക് ചിരപരിചിതമായി. അച്ഛൻ്റെ പാത പിന്തുടർന്ന് മകൾ സിന്ദൂരി ഫോറസ്ട്രിയിൽ പി.ജി. ഡിപ്ലോമ നേടാൻ കാനഡയ്ക്ക് പറന്നു. ഇന്നലെ മകളുടെ പരീക്ഷാ ഫലം വന്നു; ഡിസ്റ്റിംഗ്ഷനോടെ വനപഠനത്തിൽ വലിയ വിജയം.

അടുത്ത വർഷം നാട്ടിൽ വരുമ്പോൾ കാനഡയിലെ കാട്ടുമരങ്ങളുടെ തൈകൾ കൂടി കൊണ്ടുവരണമെന്ന് സിന്ധൂരിയ്ക്ക് നിർദ്ദേശം കൊടുത്തിരിക്കുകയാണ് സതീഷ്.

കാടിനെക്കുറിച്ച് അറിവുനേടാനാഗ്രഹിക്കുന്ന സ്കൂൾ കുട്ടികളേയും , പ്രകൃതി സ്നേഹികളേയുമൊക്കെ എപ്പോഴും തൻ്റെ വീട്ടു വനത്തിലേയ്ക്ക് സ്വാഗതം ചെയ്യുകയാണീ പ്രകൃതിസ്നേഹി.

×