നിയമസഭാ തെരഞ്ഞെടുപ്പില്‍ നുണകളുടെ പെരുമഴ പെയ്യിച്ചാലും എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തെ തടയാന്‍ യുഡിഎഫിനാകില്ല; വലതുപക്ഷമാധ്യമങ്ങള്‍ പടച്ചുവിടുന്ന നുണക്കഥകള്‍ക്കൊന്നും യുഡിഎഫിന്റെ തകര്‍ച്ച തടയാനാകില്ല;  പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം കേരളത്തിന്റെ മതേതര മനസ്സ് കൊതിക്കുന്നതാണെന്ന് എ വിജയരാഘവന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, February 28, 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നുണകളുടെ പെരുമഴ പെയ്യിച്ചാലും എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തെ തടയാന്‍ യുഡിഎഫിനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം കേരളത്തിന്റെ മതേതര മനസ്സ് കൊതിക്കുന്നതാണെന്നും ഭരണത്തുടര്‍ച്ച സാധ്യമാക്കി രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍ക്ക് കേരളം ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു.

”നിയമസഭാ തെരഞ്ഞെടുപ്പില്‍ നുണകളുടെ പെരുമഴ പെയ്യിച്ചാലും എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തെ തടയാന്‍ യുഡിഎഫിനാകില്ല. എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ വലതുപക്ഷമാധ്യമങ്ങള്‍ പടച്ചുവിടുന്ന നുണക്കഥകള്‍ക്കൊന്നും യുഡിഎഫിന്റെ തകര്‍ച്ച തടയാനാകില്ല. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ് കൂടുതല്‍ ശിഥിലമാകും. മതതീവ്രവാദ ശക്തികള്‍ക്കും ഇവിടെ സ്ഥാനമുണ്ടാകില്ല. വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം കേരളത്തിന്റെ മതേതര മനസ്സ് കൊതിക്കുന്നതാണ്.

ഭരണത്തുടര്‍ച്ച സാധ്യമാക്കി രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍ക്ക് കേരളം ആത്മവിശ്വാസം പകരും. രാഹുല്‍ ചാടിയ കടലിന്റെ അടിയില്‍നിന്നാണ് യുഡിഎഫ് തകര്‍ത്ത കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. കോവിഡ് കാലത്ത് ഓരോവീട്ടിലും അന്നവും ആശ്വാസവും എത്തിച്ച സര്‍ക്കാരാണിത്. പെരുംനുണകൊണ്ട് ജനമനസ്സിനെ ചഞ്ചലപ്പെടുത്താന്‍ കഴിയില്ലെന്ന് തദ്ദേശതെരഞ്ഞെടുപ്പില്‍ വ്യക്തമായിരിക്കുന്നു.

ഇടതുപക്ഷ വിരുദ്ധര്‍ വലതുപക്ഷ ആശയം സൃഷ്ടിക്കാന്‍ കൂടുതല്‍ ആക്രമിച്ചത് പൊതുവിദ്യാഭ്യാസ മേഖലയെയാണ്. കേരളത്തില്‍ മതനിരപേക്ഷ മൂല്യം പകര്‍ന്ന് നാടിന്റെ പുരോഗമന മനസ്സ് രൂപപ്പെടുത്തിയത് പൊതുവിദ്യാഭ്യാസ മേഖലയാണ്. യുഡിഎഫ് പൊതുവിദ്യാഭ്യാസ മേഖലയെ അഴിമതിയുടെ കേന്ദ്രമാക്കി. പണമുണ്ടാക്കാനുള്ള മേഖലയായി വിദ്യാഭ്യാസത്തെ മന്ത്രിമാര്‍പോലും ഉപയോഗിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി പിടിച്ചുകെട്ടി. അഴിമതിരഹിതമായ അഞ്ചു വര്‍ഷം കേരളം പൂര്‍ത്തിയാക്കുകയാണ്.

യുഡിഎഫ് ഭരണത്തില്‍ തകര്‍ന്നടിഞ്ഞ പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കി. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ഭരണചരിത്രം സൃഷ്ടിക്കുകതന്നെ ചെയ്യും.”

×