മരിക്കും വരെയോ അല്ലെങ്കിൽ തോറ്റു പിന്മാറുന്നതു വരെയോ ഒരാളെത്തന്നെ സ്ഥാനാർഥിയാക്കുന്നതല്ല സിപിഎം രീതി; തോൽക്കുന്നതു വരെ എംഎൽഎമാരും എംപിമാരും ആവുക എന്നതു കോൺഗ്രസ് രീതിയാണ്; എ. വിജയരാഘവൻ

New Update

തിരുവനന്തപുരം:  മരിക്കും വരെയോ അല്ലെങ്കിൽ തോറ്റു പിന്മാറുന്നതു വരെയോ ഒരാളെത്തന്നെ സ്ഥാനാർഥിയാക്കുന്നതല്ല സിപിഎം രീതിയെന്ന് ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. അതേസമയം സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കേണ്ടി വരുമ്പോൾ അനുഭവം പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

publive-image

സ്ഥാനാർഥി നിർണയത്തിൽ അനുഭവ സമ്പത്തിനും പുതു രക്തത്തിനും ഒരുമിച്ചു പ്രാധാന്യം കൊടുക്കുമെന്ന സൂചനയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം വിജയരാഘവൻ നൽകിയത്.

രണ്ടു തവണ മത്സരിച്ചു ജയിച്ചവർ മാറിനിൽക്കുക എന്നതാണു സിപിഎമ്മിന്റെ പൊതു സമീപനം. അതിൽ വ്യത്യാസം വരുത്താൻ ഉയർന്ന കമ്മിറ്റി അംഗീകരിക്കണം. തോൽക്കുന്നതു വരെ എംഎൽഎമാരും എംപിമാരും ആവുക എന്നതു കോൺഗ്രസ് രീതിയാണ്.

നിയമസഭാ, പാർലമെന്റ് പ്രവർത്തനം സിപിഎമ്മിനു സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാണ്. അനന്ത കാലത്തേക്ക് ഒരാളെത്തന്നെ ഇൗ സ്ഥാനങ്ങളിലേക്കു വയ്ക്കുന്ന പതിവില്ല. അതു മറ്റുള്ളവർക്കും ഇഷ്ടപ്പെടില്ല. സംസ്ഥാന സെക്രട്ടറി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ പാടില്ല. പാലാ സീറ്റിനെ ചൊല്ലിയുള്ള എൻസിപി നേതാക്കളുടെ പരസ്യ പ്രസ്താവന കേട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.

എൻസിപി അത്തരം വിഷയം ഉയർത്തിയിട്ടില്ല. മുഖ്യമന്ത്രിയെ കണ്ട് അവർ വിശദമായി സംസാരിച്ചിട്ടുണ്ട്. ഒരു വിഭാഗത്തോടും അനീതിയോടെ പ്രവർത്തിക്കുക എൽഡിഎഫ് സർക്കാരിന്റെ നയമല്ലെന്ന് ന്യൂനപക്ഷ സ്കോളർഷിപ്പിൽ ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി വിജയരാഘവൻ പറഞ്ഞു.

എൽഡിഎഫിന്റെ രണ്ടു മേഖലാ ജാഥകൾ നടത്താ‍ൻ‍ സെക്രട്ടേറിയറ്റിൽ ധാരണയായി. 27ന് ചേരുന്ന എൽഡിഎഫ് യോഗം ഇത് അന്തിമമാക്കും. ഇന്നു മുതൽ 31 വരെ നീളുന്ന ഗൃഹസന്ദർശന പരിപാടിയിൽ ജനങ്ങളിൽ നിന്ന് അഭിപ്രായ സ്വരൂപണം നടത്തുമെന്നും വിജയരാഘവൻ പറഞ്ഞു.

 

a vijaya ragavan
Advertisment