/sathyam/media/post_attachments/3WEJVTm1p5Ol1sWOfYSS.jpg)
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാതെ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാൻ താല്പര്യമില്ലെന്നും, തനിക്കൊന്നും പറയാൻ ഇല്ലെന്നും റഹീം പറഞ്ഞു. പലതവണ മാധ്യമപ്രവർത്തകർ ചോദിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ റഹീം തയ്യാറായില്ല.
രാജ്യത്തിന്റെ മതനിരപേക്ഷതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് റഹീം മറുപടി നൽകി. ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് കൂടിക്കാഴ്ച്ചയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദത്തെ പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. കണ്ണൂർ തില്ലങ്കേരിയിൽ തിങ്കളാഴ്ച വിശദീകരണ യോഗം സംഘടിപ്പിക്കും. ക്വട്ടേഷൻ ലഹരി മാഫിയ സംഘങ്ങൾക്ക് എതിരെ ഇന്ന് വൈകിട്ട് ഡിവൈഎഫ്ഐ പൊതു യോഗവും സംഘടിപ്പിച്ചിരുന്നു.
ക്വട്ടേഷനു ആഹ്വാനം നൽകുകയും പിന്നീട് പാർട്ടി കൈവിടുകയും ചെയ്തുവെന്നായിരുന്നു ഷുഹൈബ് വധകേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആകാശ് ക്രിമിനൽ സംഘത്തിന്റെ ഭാഗം ആണെന്നും ആകാശിനു മറുപടി പറയേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതീകരിച്ചെങ്കിലും വിശദീകരണ യോഗത്തിന് ഒരുങ്ങുകയാണ് സിപിഎം.
തില്ലങ്കേരിയിൽ തിങ്കളാഴ്ച നടക്കുന്ന യോഗം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ക്വട്ടേഷൻ ലഹരി മാഫിയ സംഘങ്ങൾക്ക് എതിരെയും പാർട്ടിക്ക് എതിരായ നുണ പ്രചാരണങ്ങൾ തുറന്ന് കാട്ടാനുമാണ് യോഗം എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us