‘കേരളത്തില്‍ തുടര്‍ഭരണമുണ്ടാവണം, ഇതാണ് കേരളത്തിലെ യുവതി യുവാക്കള്‍ ആഗ്രഹിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ അജണ്ട സീറ്റ് അല്ല. സമഗ്രമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.’; തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല, ഇതെല്ലാം മാധ്യമ സൃഷ്ടി; കളമശേരിയെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന പ്രചാരണം തള്ളി എഎ റഹീം

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, March 2, 2021

കളമശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശേരിയെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന പ്രചാരണം തള്ളി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും റഹീം പറഞ്ഞു.

‘കേരളത്തില്‍ തുടര്‍ഭരണമുണ്ടാവണം. ഇതാണ് കേരളത്തിലെ യുവതി യുവാക്കള്‍ ആഗ്രഹിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ അജണ്ട സീറ്റ് അല്ല. സമഗ്രമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.’ റഹീം പറഞ്ഞു.

സീറ്റ് ചോദിച്ച് വാങ്ങുന്ന ചരിത്രം ഡിവൈഎഫ്‌ഐക്കില്ല. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന വാദം മുന്നോട്ട് വെക്കില്ലെന്നും എഎ റഹീം പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന വികെ ഇബ്രാഹിം കുഞ്ഞാണ് നിലവില്‍ കളമശ്ശേരി എംഎല്‍എ. ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം ഇതിനകം മുസ്ലീം ലീഗിനെ വലിയ പ്രതിസന്ധിയാക്കിയിട്ടുണ്ട്. അതിനിടെയാണ് കളമശേരിയില്‍ റഹീമിന്റെ പേര് ഉയര്‍ന്നത്.

×