ലോക്ക്ഡൗണിൽ ‘ആടുജീവിത’ത്തിന്റെ ബജറ്റ് താളം തെറ്റി; അടുത്ത ഷെഡ്യൂൾ നമീബിയയിൽ; നാട്ടിൽ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണ് ഷൂട്ടിങ്ങിന് വേണ്ടി വന്നതെന്ന്‌ ബ്ലെസ്സി

ഫിലിം ഡസ്ക്
Sunday, May 24, 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിലും വാർത്തകളിലും ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് ‘ആടുജീവിത’ത്തിന്റെ ഷൂട്ടിങ് ടീം ജോർദാനിൽ ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങി പോയത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും അടങ്ങുന്ന 58 അംഗ സംഘം നാട്ടിലെത്തിയത്.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവർ എത്തിയത്. ‘ആടുജീവിത’ത്തിലെ അഭിനേതാക്കളും മറ്റ് ചലച്ചിത്രപ്രവർത്തകരും സർക്കാർ നിർദ്ദേശിച്ച പ്രകാരം 14 ദിവസം ക്വാറന്റൈനിൽ കഴിയുകയാണ്.

നാട്ടിൽ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണ് ഷൂട്ടിങ്ങിന് വേണ്ടി വന്നത് എന്നാണ് സംവിധായകൻ ബ്ലെസ്സി പ്രതികരിച്ചത്. ലോക്ഡൗൺ നീണ്ടതോടെ ബജറ്റിന്റെ താളം തെറ്റി എന്നും അദ്ദേഹം പറഞ്ഞു. ജോർദാനിലെ വാദിറാം മരുഭൂമിയിലെ ലോക്ക്ഡൗൺ ജീവിതം വലിയ പാഠങ്ങളാണ് പകർന്നു നൽകിയതെന്നു അദ്ദേഹം പറഞ്ഞു. ഒരിക്കലും നേരിടാത്ത സാഹചര്യത്തിലൂടെ ലോകം കടന്നു പോകുന്നതിന്റെ എല്ലാ ആകുലതകളും സെറ്റിലുണ്ടായിരുന്നു. നമീബിയയിലാണ് ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂളെന്നും ബ്ലെസ്സി പറഞ്ഞു.

ആരോഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറോടിച്ചാണ് പൃഥ്വിരാജ് പോയത്. തിരുവല്ലയിലെ വീട്ടിലാകും ബ്ലെസ്സി ക്വാറന്റീനിൽ കഴിയുന്നത്.

ബെന്യാമിൻ എഴുതിയ ഏറെ ജനപ്രിയമായ നോവലാണ് ‘ആടുജീവിതം’. ഇതിനെ അടിസ്ഥാനമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആര്‍ റഹ്മാന്‍ ആണ്. കെ യു മോഹനന്‍ ആണ് വാദിറം ഒഴികെയുള്ള ഷെഡ്യൂളുകള്‍ ചിത്രീകരിച്ചത്.അമലാ പോള്‍ ആണ് ചിത്രത്തിലെ നായിക.

കൊവിഡ് കാലത്ത് ചിത്രീകരിച്ച ചിത്രം എന്ന വിശേഷണവും പൃഥ്വിരാജിന്റെ ആടുജീവിതത്തിന് ഉണ്ട്. ഇത് കൂടാതെ ജിബൂട്ടി എന്ന മലയാള സിനിമയും ചിത്രീകരിച്ചിരുന്നു. ജിബൂട്ടിയെന്ന ആഫ്രിക്കന്‍ രാജ്യത്താണ് ഈ സിനിമ ചിത്രീകരിച്ചത്.

×