സൗജന്യ വൈദ്യുതി, കുടിവെള്ളം; ഡൽഹി വോട്ടർമാർക്ക് പത്ത് വാഗ്ദാനങ്ങളുമായി ആംആദ്മി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 19, 2020

ഡൽഹി : ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡൽഹിയിലെ ജനങ്ങൾക്ക് പത്ത് വാഗ്ദാനങ്ങളുമായി ആംആദ്മി പാർട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. സൗജന്യ വൈദ്യുതി, 24 മണിക്കൂറും കുടിവെള്ളം, ശുചിത്വം, രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസം ഉൾപ്പെടെയാണ് ആംആദ്മി മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങൾ. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചത്.

ഡൽഹി മെട്രോ 500 കിലോമീറ്റർ കൂടി വ്യാപിപ്പിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. ചേരി നിവാസികൾക്ക് വീട് വച്ച് നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യയാത്ര ഏർപ്പെടുത്തുമെന്നും കെജ്‌രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമായ വാഗ്ദാനങ്ങളല്ല പ്രഖ്യാപിച്ചതെന്നും അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ഡൽഹിയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ്. പ്രകടനപത്രിക ഉടൻ പുറത്തിറക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

അതേസമയം, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടാൻ ആംആദ്മി പാർട്ടി തീരുമാനിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിണറായി വിജയനെ പ്രചരണത്തിന് വിളിക്കുമെന്നാണ് വിവരം.പൗരത്വ നിയമ ഭേദഗതിക്കെതിരെ ലഭിച്ച രാഷ്ട്രീയ മേൽക്കൈ ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആംആദ്മിയുടെ നീക്കം. ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. 11 ന് ഫലം പ്രഖ്യാപിക്കും.

×