ആറുമാനൂർ ഗവ. സ്കൂളിൽ കുട്ടികൾക്കായി ഒരു പച്ചിലച്ചാർത്ത്..

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, July 3, 2020

കോട്ടയം : ഹരിത കേരള മിഷന്റെ സഹകരണത്തോടെ അയർക്കുന്നം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽആറുമാനൂർ ഗവ. യു.പി സ്കൂളിൽ പച്ചത്തുരുത്തിനു തുടക്കം. അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് വൃക്ഷത്തൈ നട്ടു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്സ് കൊറ്റത്തിൽ പച്ചത്തുരുത്ത് പേര് പ്രഖ്യാപനം നടത്തി.
ഫലവൃക്ഷ തോട്ടം, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം, തണൽമരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പച്ചത്തുരുത്തിന് ‘ പച്ചില ചാർത്ത് ‘ എന്നാണ് പേര് നൽകിയിരിക്കുന്നത്.

പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിസര ശുചീകരണത്തിനു ശേഷം
ആപ്പിൾ ചെറി, പനിനീർ ചാമ്പ, മാവ്, പ്ലാവ്, ആത്ത, പേര തുടങ്ങി അമ്പതോളം ഫലവൃക്ഷതൈകൾ തൈകൾ നട്ടാണ് പച്ചത്തുരുത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.

സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ പൂർണ്ണമായും ഹരിതചട്ടം പാലിച്ചു പ്രവർത്തിക്കുന്ന ആറുമാനൂർ ഗവൺമെന്റ് യുപി സ്കൂളിൽ ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ സ്കൂളിൽ എംജി സർവകലാശാലയിൽ നിന്ന് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠനത്തിനും മറ്റു ഗവേഷണങ്ങൾക്കും ഒക്കെ ആയി എത്താറുണ്ട്.

അയർക്കുന്നം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ജി ഹരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ് നേതൃത്വം നൽകി. എം. പി. ടി. എ ചെയർപേഴ്സൺ ലില്ലി ഐസക്, ഹരിത കേരള മിഷൻ ജില്ലാ പ്രതിനിധികളായ അർച്ചന അനൂപ്, ശരത് ചന്ദ്രൻ, അദ്ധ്യാപകർ, തൊഴിലുറപ്പു പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. എസ്. ശോഭന സ്വാഗതവും ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അർച്ചന ഷാജി നന്ദിയും പറഞ്ഞു.

×