പൗരത്വ നിയമ ഭേദഗതി; ഇന്ന് അസമിലെ എല്ലാ ജില്ലകളിലെ സർക്കാർ ഓഫീസുകളിലേക്ക് ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയൻ മാർച്ച് നടത്തും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, December 14, 2019

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുന്നു. ഇന്ന് അസമിലെ എല്ലാ ജില്ലകളിലും ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയൻ സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും.

ഞായറാഴ്ച സിനിമാ താരങ്ങളും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.

അർധ സൈനിക വിഭാഗങ്ങൾക്ക് പുറമെ കരസേനയേയും ക്രമസമാധാന പ്രശ്നങ്ങൾ നേരിടാൻ വിന്യസിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമിൽ. ഇന്നു വൈകീട്ടോടെ ഇന്‍റർനെറ്റ് നിയന്ത്രണങ്ങൾ പിൻവലിച്ചേക്കുമെന്നാണ് സൂചന. പെട്രോൾ പമ്പുകള്‍
അടക്കമുള്ള അവശ്യ കേന്ദ്രങ്ങളും ഇന്നുമുതൽ പ്രവർത്തിച്ചേക്കും. ബില്ലിനെ ചൊല്ലി അസം സർക്കാരിനകത്തും വലിയ ഭിന്നതയാണ് ഉയരുന്നത് .

ബംഗാളിലും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രക്ഷോഭം തുടരുകയാണ്. മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ഡംഗയില്‍ പ്രക്ഷോഭകാരികള്‍ റെയില്‍വേ സ്റ്റേഷന് തീയിടുകയും റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്‍തു.

×