/sathyam/media/post_attachments/KQ4Yyrt91BBRTKJqJgK7.jpg)
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് മുംബൈ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌കോര്‍പിയോ വാഹനത്തില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളും പോലീസ് കണ്ടെടുത്തു.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട വാഹനത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ മുംബൈ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. വിശദമായ പരിശോധനയില്‍ വാഹനത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി മുംബൈ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
അംബാനിയുടെ വീടിന് ഏതാനും മീറ്ററുകൾ അകലെയാണു സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്നു മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. ‘ജെലാറ്റിനികളുമായി ഒരു വാൻ അംബാനിയുടെ വീടിനു സമീപം കണ്ടെത്തി. മുംബൈ ക്രൈം ബ്രാഞ്ച് സംഭവം അന്വേഷിക്കുകയാണ്. സത്യം ഉടൻ പുറത്തുവരും.’– അനിൽ ദേശ്മുഖ് പറഞ്ഞു.
20 ജെലാറ്റിൻ സ്റ്റിക്കുകൾ വാഹനത്തിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് ഈ വാഹനം ഇവിടെ പാർക്ക് ചെയ്തതെന്നാണു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അംബാനിയുടെ വീടുൾപ്പെടുന്ന പ്രദേശത്തെ സുരക്ഷ ശക്തമാക്കി. 27 നിലയുള്ള ആന്റിലിയ എന്ന ബഹുനില വസതിയിലാണ് അംബാനിയും കുടുംബവും കഴിയുന്നത്. 2012ലാണ് ഇവിടേക്കു താമസം മാറ്റിയത്.