ഹൈമവത ഭൂമിയില്‍ രാമന്റെ ദുഖം പേറിയ വീരേന്ദ്രകുമാര്‍; സാഹിത്യ സാമൂഹിക ചുറ്റുപാടുകള്‍ ഇത്രയധികം വീക്ഷിച്ച ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ വേറെ ഇല്ല; ആശയങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും സോഷ്യലിസ്റ്റ് ആയ നേതാവ്

അബ്ദുറസാഖ് കുമരനെല്ലൂര്‍
Saturday, May 30, 2020

ഹൈമവത ഭൂമിയില്‍ രാമന്റെ ദുഖം പേറിയ വീരേന്ദ്രകുമാര്‍-സാഹിത്യ സാമൂഹിക ചുറ്റുപാടുകള്‍ ഇത്രയധികം വീക്ഷിച്ച ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ വേറെ ഇല്ല. ആശയങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും സോഷ്യലിസ്റ്റ് ആയ നേതാവ്.

ഫാസിസത്തെ തൂലിക കൊണ്ട് രാമന്റെ ദുഖമായി ഫാസിസ്റ്റുകളോട് കലഹിച്ച തികഞ്ഞ ഭാരതീയന്‍. പ്രകൃതിയെ തൊട്ടറിഞ്ഞ ഒരു സാമൂഹികജീവി കൂടിയായിരുന്നു അദ്ദേഹം. ആഗോളവത്കരണങ്ങളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെ ആഴത്തില്‍ വായനക്കാര്‍ക്ക് ഹൃദ്യമായ ഭാഷയില്‍ സമ്മാനിച്ച വ്യക്തിത്വം.

ഗാട്ടും കാണാച്ചരടുകളും, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും ഒക്കെ ഭാവിയിലേക്കുള്ള ഉത്കണ്ഠകള്‍ കൊണ്ട് നടന്ന ഒരു എഴുത്തുകാരന്‍. വര്‍ത്തമാനകാലത്ത് അദ്ദേഹത്തിന്റെ കൃതികള്‍ അര്‍ത്ഥപൂര്‍ണമാകുന്നതും കണ്ടു.

സമ്പന്നകുടുംബത്തില്‍ പിറന്നിട്ടും സോഷ്യലിസ്റ്റ് ചിന്താധാരകളില്‍ അടിയുറച്ച് വിശ്വസിച്ച് ജീവിച്ചയാള്‍. മാതൃഭൂമി എന്ന പ്രമുഖ പത്രത്തിന്റെ പത്രാധിപരായിരിക്കുമ്പോഴും സ്വന്തം പാര്‍ട്ടി സ്വാധീനങ്ങള്‍ കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കാത്തയാള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു റഫറന്‍സ് ആയിരുന്നു.

ആഴത്തിലുള്ള വായനയും നിരീക്ഷണവും ഓര്‍മ്മശക്തിയും കൊണ്ട് എത്ര നേരവും സദസ്യരോട് സംവദിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രാസംഗികന്‍ കൂടിയായിരുന്നു അദ്ദേഹം.

ഭൂമിയും സമുദ്രവും ആകാശവും തമ്മിലുള്ള പരസ്പര സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്. വായുവും ജലവും കായ്കനികളും ഈ പ്രപഞ്ചത്തിന്റെ അനുപമസൗഭാഗ്യങ്ങളും സൗന്ദര്യങ്ങളുമാണ്.

വായുവിന്റെ വിശുദ്ധിയും പച്ചത്തുരുത്തുകളുടെ മനോജ്ഞതയും ജലത്തിന്റെ അമൃതമാധുര്യവും എഴുത്തിലൂടെ ആവാഹിച്ച ആമസോണും കുറേ വ്യാകുലതകളും എന്ന കൃതികളൊക്കെ പ്രകൃതിയെ ദ്രോഹിക്കാതെ ഭാവിയിലേക്കുള്ള ജീവിതത്തിന് വേണ്ടി ബാക്കി വയ്ക്കാന്‍ സമൂഹത്തെ എഴുത്ത് കൊണ്ടും പ്രസംഗം കൊണ്ടും വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തിയ ഒരു ലോകസഞ്ചാരി ആത്മവിലേക്ക് തീര്‍ത്ഥയാത്ര പോയിരിക്കുന്നു…പ്രണാമം…

×