എനിക്കു നേരെ ഉയരേണ്ട കത്തിയാണ് ഒന്നുമറിയാത്ത കുഞ്ഞിന്റെ ദേഹത്ത് കുത്തിയിറക്കിയത്’ , ആ കേസിൽ ഞാനാണു മൂന്നാം പ്രതി; അനന്ദു പറയുന്നു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Sunday, April 18, 2021

വള്ളികുന്നം: ‘എനിക്കു നേരെ ഉയരേണ്ട കത്തിയാണ് ഒന്നുമറിയാത്ത കുഞ്ഞിന്റെ ദേഹത്ത് കുത്തിയിറക്കിയത്–’ അഭിമന്യുവിന്റെ സഹോദരൻ അനന്തു പറയുന്നു. ചെറുപ്പം മുതലെ അനുജനെ കുഞ്ഞ് എന്നാണ് അനന്തു വിളിക്കാറ്.

‘അവസാന ദിവസം ക്ഷേത്ര പരിസരത്ത് വച്ച് കേസിലെ മുഖ്യപ്രതി കുഞ്ഞിന്റെ മുഖത്തിരുന്ന മാസ്ക് താഴ്ത്തി അസഭ്യം പറഞ്ഞു. കുഞ്ഞത് കാര്യമാക്കേണ്ട, വീട്ടിൽ പോകാനാണു ഞാൻ പറഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ അവനെ വീട്ടിലെത്തിച്ചേനെ.

ആർഎസ്എസുകാരാണ് അവനെ കൊന്നത്. ഒരു വർഷം മുൻപ് എന്നെയും അവർ ആക്രമിച്ചു. ഞാനായിരുന്നു അവരുടെ പ്രധാന ലക്ഷ്യം–’ ഡിവൈെഎഫ്ഐ വള്ളികുന്നം കിഴക്ക് മേഖലാ കമ്മിറ്റിയംഗമായ അനന്തു പറയുന്നു. ‘ആർഎസ്എസ് പ്രവർത്തകനായ അരുണിനെ രണ്ടാഴ്ച മുൻപ് മർദിച്ചെന്ന പരാതിയിൽ എനിക്കെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു

. ആ കേസിൽ ഞാനാണു മൂന്നാം പ്രതി. ജാമ്യമെടുത്തിരുന്നു–’ അനന്തു പറഞ്ഞു. ചെങ്ങന്നൂർ ആല എസ്എൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ അനന്തു സംസ്ഥാന ഫുട്ബോൾ താരം കൂടിയാണ്.

×