തിരുവനന്തപുരം: അഭയ കേസിലെ ആരോപണങ്ങള്‍ അവിശ്വസനീയമെന്ന് ക്‌നാനായ കത്തോലിക്കാ സഭ. ഇത്തരം സാഹചര്യമുണ്ടായതില്‍ ദുഃഖിക്കുന്നതായി സഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അഭയ കേസില്‍ സിബിഐ കോടതിയുടെ വിധിയെ മാനിക്കുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായത് ദുഃഖകരമാണ്. വിധിക്കെതിരെ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ടെന്ന് സഭ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര് സെഫിക്കും സിബിഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊലപാതകത്തിനും കൊലപാതകം ചെയ്യുന്നതിനു വേണ്ടി അതിക്രമിച്ചു കടന്നതിനും ഇരട്ട ജീവപര്യന്തമാണ് കോട്ടൂരിനു വിധിച്ചത്.
ഇതിനു പുറമേ തെളിവു നശിപ്പിക്കലിന് ഏഴു വര്‍ഷം തടവും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജീവപര്യന്തകാലമാണ് ജയിലില്‍ കഴിയേണ്ടി വരിക.
സിസ്റ്റര്‍ സെഫിക്കു കൊലപാതകത്തിനു ജീവപര്യന്തവും തെളിവു നശിപ്പിക്കലിന് ഏഴു വര്‍ഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തടവുശിക്ഷയ്ക്കു പുറമേ ഇരുവരും അഞ്ചു ലക്ഷം രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. അതിക്രമിച്ചു കടക്കലിന് കോട്ടൂരിന് ഒരു ലക്ഷം രൂപ അധിക പിഴ ചുമത്തി.