Advertisment

ഗാനമേള നടക്കുമ്പോള്‍ നൃത്തം ചെയ്ത യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം ; കുപ്രസിദ്ധ ദുണ്ട എബിന്‍ പെരേരയ്ക്കും കൂട്ടാളിയ്ക്കും 7 വര്‍ഷം കഠിന തടവ്

New Update

കൊല്ലം :  ഗാനമേള നടക്കുമ്പോൾ നൃത്തം ചെയ്ത യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട എബിൻ പെരേരയ്ക്കും (മംഗൾ പാണ്ഡേ), കൂട്ടാളി ജാക്സൺ ഡിക്രൂസിനും 7 വർഷം വീതം കഠിന തടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷ. കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത് ആണ് ശിക്ഷ വിധിച്ചത്.

Advertisment

2017 മാർച്ച് രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. മുണ്ടയ്ക്കൽ പുത്തൻനട ഇലഞ്ഞിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് രാത്രി ഗാനമേള നടക്കുമ്പോഴാണ് പ്രതികൾ യുവാക്കളെ ആക്രമിച്ചത്.

publive-image

വിലക്കിയിട്ടും യുവാക്കൾ നൃത്തം ചെയ്തതിനെ തുടർന്ന് ജാക്സൺ ഡിക്രൂസ്, എബിൻ പെരേരയെ കൂട്ടിക്കൊണ്ടു വന്നു. നൃത്തം ചെയ്യരുതെന്ന് എബിൻ ആവശ്യപ്പെട്ടതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. അതിനിടെ എബിൻ കത്തി കൊണ്ട് മുണ്ടയ്ക്കൽ സൗഹൃദ നഗർ എസ്എസ് മൻസിലിൽ ശ്യാമിനെ കുത്തി .

തടസ്സം പിടിക്കാൻ എത്തിയ ശബരിനാഥ്, രാജേഷ്, വിവേക്, ജയചന്ദ്രൻ എന്നിവരെയും ആക്രമിച്ചു.ജനക്കൂട്ടത്തെ ഭയപ്പെടുത്താൻ വേണ്ടിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശ്യാം, ശബരീനാഥ്, വിവേക് ജയചന്ദ്രൻ എന്നിവരെയും വിസ്തരിച്ചു.

ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ടായതിനെ തുടർന്ന് സാക്ഷികൾക്ക് കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. എബിനെതിരെ 12ലേറെ കേസുകൾ നിലവിലുണ്ട്. ഇയാൾ കാപ്പ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടവിലാണ്.

പ്രതികൾ പിഴ ഒടുക്കിയാൽ ഇതിൽ നിന്നും പരുക്കേറ്റവർക്ക് തുക നൽകണമെന്നും വിധിയിലുണ്ട്.ഇരവിപുരം സബ് ഇൻസ്പെക്ടർ ദോയ്തി സുധാകർ റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ബി.പങ്കജാക്ഷനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Advertisment