രാജ്യത്തെ യുവജനത മെയ് ഒന്ന് മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് ! രജിസ്‌ട്രേഷന്‍ എങ്ങനെ നടത്താം ? അറിയേണ്ടതെല്ലാം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 19, 2021

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മെയ് ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഏറെ പ്രധാനപ്പെട്ട തീരുമാനമാണിത്.

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കും. മെയ് ഒന്ന് മുതല്‍ രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ ഇതിനായുള്ള രജിസ്‌ട്രേഷന്‍ എങ്ങനെ നടത്താമെന്നും അറിഞ്ഞിരിക്കണം.

രജിസ്‌ട്രേഷന്‍ ഇപ്രകാരം…

  • Cowin-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: cowin.gov.in
  • നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്പറോ അല്ലെങ്കില്‍ ആധാര്‍ നമ്പറോ നല്‍കുക
  • തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ഒടിപി, നിര്‍ദ്ദിഷ്ട സ്ഥലത്ത് നല്‍കുക
  • രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, തീയതിയും സമയവും ഷെഡ്യൂള്‍ ചെയ്യുക
  • ആ തീയതിയില്‍ വാക്‌സിന്‍ സ്വീകരിക്കുക
  • ഇതിനുശേഷം, നിങ്ങള്‍ക്ക് ഒരു റഫറന്‍സ് ഐഡി ലഭിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

വാക്‌സിനേഷന് ആവശ്യമായ രേഖകള്‍

ഫോട്ടോ ഐഡിക്കൊപ്പം രജിസ്‌ട്രേഷന്‍ സമയത്ത് നിങ്ങള്‍ക്ക് താഴെപ്പറയുന്നവയില്‍ ഏതെങ്കിലുമൊരു രേഖ ആവശ്യമാണ്.

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, തൊഴില്‍ മന്ത്രാലയം നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഗ്യാരണ്ടി ആക്ട് (MGNREGA) തൊഴില്‍ കാര്‍ഡ്, എംപിമാര്‍/എംഎല്‍എമാര്‍/എംഎല്‍സിമാര്‍ എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കിയ പാസ്ബുക്കുകള്‍, പെന്‍ഷന്‍ ഡോക്യുമെന്റ്, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍/ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കിയ സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ് എന്നിവയാണവ.

×