തൃശ്ശൂരില്‍ കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവര്‍മാരെ പോലീസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചെന്ന പരാതി: അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എ സി മൊയ്തീന്‍

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, April 9, 2020

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവര്‍മാരെ പോലീസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എ സി മൊയ്തീന്‍. അരിമ്ബൂര്‍ പാടത്തെ കൊയ്ത്ത് മുടങ്ങില്ല. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ അന്വേഷണശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രിയോടെ തമിഴ്നാട് സേലത്ത് നിന്നും ബൈക്കില്‍ എത്തിയ തൊഴിലാളികളെയാണ് പോലീസ് മര്‍ദ്ദിച്ചത്. പാടത്തേക്ക് ബൈക്കില്‍ വരികയായിരുന്ന മൂന്ന് തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കൊയ്ത്തുമായി ബന്ധപ്പെട്ട നടപടികള്‍ കൈക്കൊള്ളണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി തമിഴ്നാട്ടില്‍ നിന്നും എത്തിയ തൊഴിലാളികളാണ് ഇവര്‍.മതിയായ രേഖകള്‍ കാണിച്ചിട്ടും പൊലീസ് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ പരാതി.

ഇന്നലെ രാത്രി മുതല്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുകയാണ് തൊഴിലാളികള്‍. തൊഴിലാളികള്‍ പ്രതിഷേധത്തിലായതോടെ 600 ഏക്കര്‍ പാടത്തെ കൊയ്ത്ത് മുടങ്ങുമെന്ന സ്ഥിതിയായാണ് കാര്യങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ വരും ദിവസങ്ങളില്‍ പണിക്കിറങ്ങൂ എന്ന നിലപാടിലാണ് തൊഴിലാളികള്‍. 49 കൊയ്ത്തു യന്ത്രങ്ങളാണ് പ്രധാനമായും പ്രവര്‍ത്തിപ്പിക്കേണ്ടത്. ഇതിനായി തമിഴ്നാട്ടില്‍ നിന്നും ഏകദേശം നൂറ്റമ്ബതോളം തൊഴിലാളികളെയാണ് തൃശ്ശൂരിലേക്ക് വന്നിരിക്കുന്നത്.

×