ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ തലമുറ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി എ.സി.മൊയ്തീന്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, January 26, 2020

കാക്കനാട്: ജനാധിപത്യ വ്യവസ്ഥിതിയുടെ അടിത്തറ മതേതരത്വമാണെന്നും അത് കാത്തുസൂക്ഷിക്കാന്‍ പുതിയ തലമുറ പ്രതിജ്ഞാബദ്ധമാണെന്നും തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി എ.സി.മൊയ്തീന്‍. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വവും സ്വാതന്ത്ര്യവും സമത്വവും നീതിയും തുല്യതയും പ്രദാനം ചെയ്യുന്ന ഒരു ഭരണഘടന അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ നാട് മുന്നോട്ടുപോയത്. ഇത്രയേറെ വ്യത്യസ്തമായ ഭാഷയും സംസ്‌കാരവുമുള്ള ജനവിഭാഗങ്ങള്‍ ലോകത്തുണ്ടാവില്ല. ഈ ബഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്‍റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അടിസ്ഥാനം.

വ്യത്യസ്ത മതവും ഭാഷയും ദേശവും ഒക്കെ ഉള്ള നമ്മുടെ നാട്ടില്‍ ഈ ബഹുസ്വരതയെ എല്ലാം സ്വാംശീകരിക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യയുടെ നേട്ടം. ഒരു മതവും മറ്റൊന്നിനെ ചെറുതായി കാണുന്നില്ല. നമ്മുടെ ഭരണഘടന പലതുകൊണ്ടും പ്രസക്തമാണ്.

മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് പരമാധികാര രാഷ്ട്രം എന്ന ആശയം നമ്മള്‍ മുന്നോട്ടുവെച്ചു. ലോകരാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ വളരെ അഭിമാനകരമായ സ്ഥാനം നമ്മുടെ നാട് നേടിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

×