ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലേറ്റര്‍; വാഹനത്തിനും ചുമരിനുമിടയില്‍ ഞെരിഞ്ഞമര്‍ന്നു, അജ്മാനില്‍ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഗള്‍ഫ് ഡസ്ക്
Monday, January 18, 2021

അബുദാബി: കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്.

അജ്മാനിലെ ആശുപത്രി പാര്‍ക്കിങ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം. ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് എത്തിയതായിരുന്നു ദമ്പതികള്‍.

അതിനിടെ തങ്ങളുടെ എസ്യുവി പാര്‍ക്ക് ചെയ്യുവാന്‍ ലിജി മുന്നില്‍ നിന്ന് ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണം.

എസ്യുവി പെട്ടെന്ന് മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഏറെ വര്‍ഷമായി ദമ്പതികള്‍ യുഎഇയിലാണ് താമസിക്കുന്നത്.

×