പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ മരിച്ചത് വിവാഹം നിശ്ചയിച്ച യുവാവും യുവതിയും

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Friday, January 22, 2021

പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ മരിച്ചത് വിവാഹം നിശ്ചയിച്ച യുവാവും യുവതിയും. ചെങ്ങന്നൂര്‍ പിരളശ്ശേരി സ്വദേശി ജെയിംസ് ചാക്കോയും (32), ആന്‍സി (26) യും ആണ് മരിച്ചത്. മുളക്കുഴ സെന്‍റ് ഗ്രീഗോറിയോസ് സ്കൂള്‍ ബസ് ഡ്രൈവറാണ് ജെയിംസ്.

കംപ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിച്ച്‌ തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം. ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം. ആന്‍സിയുടെ അമ്മയും സഹോദരനും വിദേശത്തുനിന്ന് നാട്ടിലെത്തുന്നത് കണക്കിലെടുത്ത് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

വൈകീട്ട് നാലുമണിയോടെ എംസി റോഡില്‍ പെരുന്തുരുത്തിയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് തൊട്ടുമുന്നലിലുള്ള ഇരുചക്രവാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു.

×