ഓട്ടോ സ്റ്റാൻഡിനും മരത്തിനും ഇടയിലൂടെ കാർ ഇടിച്ചുകയറി; കാറിടിച്ച് യുവതി മരിച്ചു

ന്യൂസ് ബ്യൂറോ, പാലക്കാട്
Wednesday, April 7, 2021

പാലക്കാട്: സംസ്ഥാന പാതയിലെ ചന്തപ്പുരയിൽ നിയന്ത്രണം വിട്ട കാറിടിച്ച് യുവതി മരിച്ചു. കിണാവല്ലൂർ വാരിയത്തുപ്പടി സുജിത്തിന്റെ ഭാര്യ സി.വി.കുസുമം (32) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടം.

പറളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ കുസുമം ആശുപത്രിയിൽ നിന്നിറങ്ങി ചന്തപ്പുരയിലെ ജ്വല്ലറിയിൽ പോയതിനുശേഷം ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കിറങ്ങുന്നതിനിടെ ഒറ്റപ്പാലം ഭാഗത്തുനിന്നു പാലക്കാട്ടേക്കു പോയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഓട്ടോ സ്റ്റാൻഡിനും മരത്തിനും ഇടയിലൂടെയാണു ജ്വല്ലറിവരെ കാർ ഇടിച്ചുകയറിയത്. ഉടൻ കല്ലേക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭർതൃസഹോദരന്റെ വിവാഹം നാലിനായിരുന്നു. അതിന്റെ വിരുന്ന് ഇന്നു നടക്കാനിരിക്കെയാണു ദുരന്തം. മകൻ: ദേവ് അന്വൈദ്.

×