റെയിൽവേ പാളത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചു പോകവേ ട്രെയിൻ തട്ടി; മൃതദേഹവുമായി ട്രെയിൻ സഞ്ചരിച്ചത് 4 കിലോമീറ്ററോളം; എൻജിനിൽ മൃതദേഹം കണ്ടത് തിരുവല്ല സ്റ്റേഷനിൽ ട്രെയിനെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽനിന്ന യാത്രക്കാർ

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, April 11, 2021

തിരുവല്ല: ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹവുമായി ട്രെയിൻ സഞ്ചരിച്ചത് 4 കിലോമീറ്ററോളം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പാലക്കാട്ടുനിന്നു തിരുനെൽവേലിയിലേക്കു പോകുന്ന പാലരുവി എക്സ്പ്രസ് ട്രെയിനിന്റെ എൻജിനിലാണ് ചങ്ങനാശേരി നാലുകോടി കൊല്ലാപുരം ഒട്ടത്തിൽക്കടവു ഭാഗത്ത് ചെമ്പൻകുളം വീട്ടിൽ പരേതനായ കേശവന്റെ മകൻ ഓമനക്കുട്ടന്റെ (50) ശരീരം കുരുങ്ങിയത്. കൊല്ലാപുരം റെയിൽവേ ക്രോസിനു സമീപത്തുവച്ചാണ് ഓമനക്കുട്ടനെ ട്രെയിൻ തട്ടിയത്.

റെയിൽവേ പാളത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചു പോകവേ ട്രെയിൻ ഇടിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. തിരുവല്ല സ്റ്റേഷനിൽ ട്രെയിനെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽനിന്ന യാത്രക്കാരാണ് എൻജിനിൽ മൃതദേഹം കണ്ടത്.

അവർ വിവരം ലോക്കോ പൈലറ്റിനെയും സ്റ്റേഷൻ മാനേജരെയും അറിയിച്ചു. തുടർന്ന് മൃതദേഹം നീക്കം ചെയ്തശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. തൃക്കൊടിത്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. മാതാവ്: കുഞ്ഞമ്മ. ഭാര്യ: ഉഷ. മക്കൾ: ഷിനു, ശിൽപ.

×