എന്താണിവിടെ ഇപ്പോൾ? ; നാട്ടുകാരിൽ ചിലർ വീടിനു മുന്നിൽ വന്നപ്പോൾ പ്രവീണിന്റെ അച്ഛന് സംശയം ; നേപ്പാളിൽ സംഭവിച്ച ദുരന്ത വാർത്ത അറിഞ്ഞെത്തിയ നാട്ടുകാർ മറുപടി പറഞ്ഞില്ല ; സംശയം തോന്നി ടിവി ഓണ്‍ ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല ; അയല്‍ക്കാര്‍ നേരത്തെ തന്നെ കേബിള്‍കണക്ഷന്‍ വിച്ഛേദിച്ചിരുന്നു ; കൂടുതല്‍ പേര്‍ വീട്ടിലേക്ക് വന്നപ്പോള്‍ ദുസ്സൂചന തോന്നി ; നിര്‍ബന്ധത്തിനൊടുവില്‍ മെല്ലെ കൃഷ്ണൻ നായരും പ്രസന്നയും അറിഞ്ഞു, ആ ദുരന്തവാർത്ത

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, January 22, 2020

തിരുവനന്തപുരം: നാട്ടുകാരിൽ ചിലർ വീടിനു മുന്നിൽ വന്നപ്പോൾ പ്രവീണിന്റെ അച്ഛന് സംശയം. എന്താണിവിടെ ഇപ്പോൾ? നേപ്പാളിൽ സംഭവിച്ച ദുരന്ത വാർത്ത അറിഞ്ഞെത്തിയ നാട്ടുകാർ മറുപടി പറഞ്ഞില്ല. അച്ഛൻ സി.കൃഷ്ണൻ നായർ ഒന്നും മനസ്സിലാകാതെ നിന്നു.

ഈ സമയത്തു പ്രവീണിന്റെ സഹോദരി പ്രസീത കഴക്കൂട്ടം എജെ കോളജിൽ പഠിപ്പിക്കുകയായിരുന്നു. ഭർത്താവും മാധ്യമപ്രവർത്തകനുമായ രാജേഷ് പ്രസീതയെ വിളിച്ചു. ‘‘വേഗം വീട്ടിൽ പോകണം.’’ വിവരമറിഞ്ഞപ്പോൾ തകർന്നുപോയെങ്കിലും വീട്ടിലെത്തിയപ്പോൾ അച്ഛനുമമ്മയ്ക്കും മുന്നിൽ പിടിച്ചുനിന്നു.

മകളും ഒന്നും പറയാതിരുന്നതോടെ കൃഷ്ണൻനായർ ടിവി ഓൺ ചെയ്തെങ്കിലും കാര്യമുണ്ടായില്ല. സമീപത്തുള്ളവർ കേബിൾ കണക്‌ഷൻ വിച്ഛേദിച്ചിരുന്നു. കൂടുതൽപേർ വീടിനു മുന്നിലേക്കു വന്നപ്പോൾ കൃഷ്ണൻ നായർക്കു ദുസ്സൂചന തോന്നി. നിർബന്ധത്തിനൊടുവിൽ അടുത്ത ബന്ധു പറഞ്ഞു– ‘‘പ്രവീണിനും കുടുംബത്തിനും നേപ്പാളിൽ എന്തോ അപകടം. കുഴപ്പമില്ലെന്നാണു വിവരം.’’

അൽപസമയത്തിനുശേഷം വീടിന്റെ പിന്നാമ്പുറത്തു ബന്ധുക്കൾ എത്തിയതോടെ പ്രസന്നയ്ക്കും സംശയമായി. ഭർത്താവിനോടു കാര്യം തിരക്കിയപ്പോൾ പ്രവീണിന് അപകടം സംഭവിച്ചെന്നു മാത്രം അറിഞ്ഞു. വൈകിട്ടായപ്പോൾ ബന്ധുക്കളിലേറെയും വീട്ടുവളപ്പിൽ.

×