Advertisment

പിതാവിന്റെ പേരിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാന്‍ വൃദ്ധരായ അച്ഛനെയും അമ്മയെയും മകന്‍ കൊന്നത് പാമ്പിനെ കൊണ്ട് കടിപ്പിച്ച്; പത്ത് വര്‍ഷം മുമ്പ് നാഗ്പൂരില്‍ നടന്ന ക്രൂരകൊലപാതകം ഇങ്ങനെ

New Update

നാഗ്പുര്‍ : ഭാര്യയെ കൊലപ്പെടുത്താന്‍ വിഷപ്പാമ്പിനെ ഉപയോഗിച്ചുവെന്ന വാര്‍ത്തയുടെ ഞെട്ടലിലാണു നാട്. ഏതാണ്ട് പത്തു വര്‍ഷം മുമ്പ് മാര്‍ച്ചില്‍ നാഗ്പുരിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഗണപത്‌റാവു (84), രണ്ടാം ഭാര്യ സരിതാബായ് (78) എന്നിവരെ മകന്‍ നിര്‍ഭയ് ഒരു പാമ്പ് പിടിത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നു എന്നതായിരുന്നു കേസ്.

Advertisment

publive-image

ഗണപത്‌റാവുവിന്റെ ലക്ഷങ്ങളുടെ സ്വത്ത് സ്വന്തമാക്കാന്‍ നിര്‍ഭയ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തി. ഇയാള്‍ക്കു വേണ്ടി പാമ്പിനെ എത്തിച്ചയാളെയും പിടികൂടിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തില്‍ കോടതി പ്രതികളെ വെറുതേവിട്ടു. പാമ്പ് കടിയേറ്റാണ് ദമ്പതികള്‍ മരിച്ചതെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തുകയായിരുന്നു.

വലിയ ഭൂസ്വത്തിന് ഉടമയായിരുന്ന ഗണപത്‌റാവുവും ഭാര്യയും പാമ്പുകടിയേറ്റു മരിച്ച സംഭവം സാധാരണ മരണമായാണ് പൊലീസ് ആദ്യം പരിഗണിച്ചത്. എന്നാല്‍ പിന്നീട് ബോധപൂര്‍വം ആരോ പാമ്പിനെക്കൊണ്ട് ഇവരെ കടിപ്പിച്ചതായിരിക്കാം എന്ന നിഗമനത്തിലേക്കെത്തി. തുടര്‍ന്ന് കൊലപാതകക്കുറ്റം ഉള്‍പ്പെടുത്തി കേസെടുത്തു. ഗണപത് റാവുവിന്റെ മകന്‍ നിര്‍ഭയിനെയായിരുന്നു പൊലീസിനു സംശയം. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഇവരെ അപായപ്പെടുത്താന്‍ നിര്‍ഭയ് തീരുമാനിച്ചുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

വിശദമായ അന്വേഷണം പാമ്പ് പിടിത്തക്കാരനായ സന്ദീപ് ബെല്‍ഖെഡെയിലേക്കു പൊലീസിനെ എത്തിച്ചു. 2010 ഏപ്രില്‍ ആദ്യം സന്ദീപ് നാഗ്പുര്‍ റെയില്‍വേ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. 41കാരനായ സന്ദീപ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്ന് വൃദ്ധദമ്പതികളെ കടിപ്പിച്ചുവെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഇയാള്‍ പണത്തിനു വേണ്ടിയാണ് പാമ്പിനെ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. ചെറുപ്രായം മുതല്‍ പാമ്പുകളെ പിടിച്ചിരുന്ന സന്ദീപ് 30,000ത്തോളം പാമ്പുകളെ കുടുക്കിയിട്ടുണ്ടെന്നാണു പൊലീസ് പറഞ്ഞത്. വൃദ്ധ ദമ്പതികളെ കടിപ്പിച്ച പാമ്പിനെ സന്ദീപ് കാട്ടിലേക്കു തുറന്നുവിട്ടുവെന്നും പൊലീസ് അറിയിച്ചു. കൊലപാതകമാണെന്നു പൊലീസിനു സംശയം തോന്നിയെന്ന് അറിഞ്ഞ് ഇയാള്‍ നാട്ടിലേക്കു മുങ്ങുകയായിരുന്നു.

ഗണപത് റാവുവിന്റെ ഏറ്റവും ഇളയമകനായ നിര്‍ഭയ അഞ്ചുലക്ഷം രൂപ സന്ദീപിനും കൂട്ടുപ്രതികളായ പ്രകാശ് ഇന്‍ഗോള്‍, കമല്‍ ബദേല്‍ എന്നിവര്‍ക്കും നല്‍കിയെന്നു പൊലീസ് കണ്ടെത്തി. പ്രകാശ് ആണ് സന്ദീപുമായി ബന്ധപ്പെട്ട് പാമ്പിനെ എത്തിച്ചത്. അന്വേഷണത്തിനൊടുവില്‍ നിര്‍ഭയ്, പ്രകാശ്, കമല്‍ ഇവര്‍ വാടകയ്‌ക്കെടുത്ത വാഹനത്തിന്റെ ഡ്രൈവറായ ആനന്ദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം കേസ് കോടതിയിലെത്തിയതോടെ കാര്യങ്ങള്‍ മലക്കം മറിഞ്ഞു. മകന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടു. പാമ്പ് കടിയേറ്റാണു ദമ്പതികള്‍ മരിച്ചതെന്ന പൊലീസിന്റെ വാദം രാസപരിശോധനയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദമ്പതികളുടെ കൈത്തണ്ടയില്‍ കടിയേറ്റ പാടുള്ളതായി വ്യക്തമാക്കിയിരുന്നു

snake bite snake
Advertisment