മുസാഫര്‍നഗറില്‍ കൊടും ക്രൂരതയ്ക്ക് ഇരയായി യുവതി ; കോടതിയില്‍ നല്‍കിയ ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ തയാറാകാതിരുന്ന യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

മുസാഫര്‍നഗര്‍: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതിനിടെ മുസാഫര്‍നഗറില്‍ കൊടും ക്രൂരതയ്ക്ക് ഇരയായി യുവതി. കോടതിയില്‍ നല്‍കിയ ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ തയാറാകാതിരുന്നതോടെ പ്രതികളായ നാല് പേര്‍ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. 30 വയസുകാരിയായ യുവതിയെയാണ് 30 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നത്.

യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയ നാലംഗ സംഘം പരാതി പിന്‍വലിക്കില്ലെന്ന് പറഞ്ഞതോടെ ആസിഡ് ഒഴിക്കുകയായിരുന്നു. ആരിഫ്, ഷാനവാസ്, ഷരീഫ്, ആബിദ് എന്നീ കസേരവ സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നാല് പേരും ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ആക്രമണം നടത്തിയ നാല് പേര്‍ക്കുമെതിരെ യുവതി കോടതിയില്‍ ബലാത്സംഗക്കേസ് നല്‍കിയിരുന്നു. കോടതിയെ സമീപിക്കുന്നതിന് മുമ്പ് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിച്ചു. ഇതോടെയാണ് യുവതി കോടതിയില്‍ കേസ് നല്‍കിയത്. ആഡിഡ് ആക്രമണത്തിന് നാലംഗ സംഘത്തിനെതിരെ 326 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

നേരത്തെ, ത്രിപുരയിൽ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയിരുന്നു. ത്രിപുരയിലെ ശാന്തിർ ബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പതിനേഴുകാരി ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. കാമുകനും കാമുകന്‍റെ അമ്മയും ചേർന്നാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്

×