പ്രതിപക്ഷ നേതാവിനെ അപകീര്‍ത്തിപ്പെടുത്തി പ്രചാരണം:  സിഐടിയു നേതാവിനെതിരെ കേസെടുത്തു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, April 2, 2020

തിരുവനന്തപുരം:കൊറോണാ ചികിത്സാ രീതിയുമായി ബന്ധപ്പെട്ട്  സാമൂഹ്യമാധ്യമങ്ങളിലൂടെ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ച സി.ഐ.ടി.യു.നേതാവ് പി.ജി. ദിലീപിനെതിരെ പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചു കൊറോണ ചികിത്സയ്ക്കെതിരെ പ്രചരണം നടത്തിയതിനാണ് മ്യൂസിയം പോലീസ് ഇദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തത്.

സി.ഐ.ടി.യു. നേതാവും എല്‍. ഐ. സി ഏജന്റ്‌സ് സംഘടന നേതാവുമായ ദിലീപിന്റെ ഫേസ് ബുക്ക് പ്രചരണം തെറ്റാണ് എന്ന് വ്യക്തമാക്കി ഫേസ്ബുക്ക് അധികൃതര്‍ തന്നെ ഫാക്ട് ചെക് നടത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ ക്വറന്റീനില്‍ അയക്കുന്ന നടപടി വിജയിക്കാതെ വരുന്ന ഘട്ടത്തില്‍ കൊറോണ വ്യാപനം ലഘൂകരിക്കുന്നതിനായി  മിറ്റിഗേഷന്‍ രീതി അവലംബിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് സര്‍ക്കാരിന് നല്‍കിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ മിറ്റിഗേഷന്‍ രീതി പിഞ്ചുകുഞ്ഞുങ്ങളെയും അറുപത് കഴിഞ്ഞവരെയും  മരണത്തിന് വിട്ടുകൊടുക്കുന്ന പരിപാടി ആണെന്ന് ദിലീപ്കുമാര്‍ വ്യാജപ്രചരണം അഴിച്ചുവിടുകയായിരുന്നു. വാട്‌സാപ് ഗ്രൂപ്പുകളില്‍ ഈ വ്യാജവാര്‍ത്ത വന്‍തോതില്‍ പ്രചരിച്ചു. കൊറോണ ചികിത്സാരീതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പ്രചരണം തടയണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി നേതാവ് ഒ.ബി. രാജേഷ് ഇരവിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പോലീസ് കേസ് എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഔദ്യോഗികമായി ഡിജിപിക്കും പരാതി നല്‍കി. ഫേസ് ബുക്ക് അധികൃതര്‍ തന്നെ തിരുത്തല്‍ നടത്തിയിട്ടും കൊറോണ ചികിത്സാ രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ദിലീപിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ്  തയാറാകാത്തിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കൊറോണയെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളും പ്രചാരണവും കര്‍ശനമായി തടയാന്‍  ഫേസ് ബുക്ക് തീരുമാനമെടുത്തിരുന്നു. ഇപ്രകാരം പരിശോധിച്ചപ്പോഴാണ് ദിലീപ്കുമാറിന്റെ വ്യാജവാര്‍ത്ത ശ്രദ്ധയില്‍പെടുന്നതും നടപടി എടുക്കുന്നതും. വസ്തുതാ പരിശോധന നടത്തിയ ശേഷം തെറ്റായ വാര്‍ത്ത ആണെന്ന് ഈ പോസ്റ്റിനോപ്പം ഫേസ്ബുക്ക് ചേര്‍ത്തു.ഇതോടെ ഷെയര്‍ ചെയ്ത എല്ലാവരുടേയും ഫേസ്ബുക്ക് വാളില്‍ പോസ്റ്റിനു മുകളില്‍ വിവരം  തെറ്റാണെന്ന സന്ദേശവും ചേര്‍ത്തിരുന്നു.

×