കുട്ടിയെ ചവിട്ടിയ സംഭവം, 'പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ച'; തലശ്ശേരി പൊലീസിനെതിരെ അന്വേഷണ റിപ്പോര്‍ട്ട്

New Update

publive-image

തലശ്ശേരി; തലശ്ശേരിയില്‍ കാറില്‍ ചാരി നിന്ന ആറ് വയസ്സുകാരനെ ചവിട്ടിയ കേസില്‍ പൊലീസിന് വീഴ്ചയെന്ന് കണ്ടെത്തല്‍. തലശ്ശേരി എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ചയാണ്. കണ്ണൂര്‍ റൂറല്‍ എസ്പി പി ബി രാജീവാണ് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Advertisment

വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവരമറിഞ്ഞ പൊലീസ് രാത്രി പതിനൊന്നു മണിയോടെയാണ് ശിഹ്ഷാദിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. പിന്നാലെ കാര്‍ കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ വീട്ടില്‍ പോകാന്‍ അനുവദിക്കുകയായിരുന്നു.

എന്നാൽ രാവിലെ  സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയായതും കണ്ട് പൊലീസ് നടപടിയെടുക്കുകയായിരുന്നു.  ബാലവകാശ കമ്മീഷനും ഇടപെട്ടിരുന്നു. പിന്നാലെ അറസ്റ്റ് ചെയ്ത ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊന്ന്യം പാലം സ്വദേശിയാണ് ശിഹ്ഷാദ്.

കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റതിന് പിന്നാലെ കുട്ടി നിര്‍ത്താതെ കരയുകയായിരുന്നു.

പ്രതി നടത്തിയത് നരഹത്യാ ശ്രമമാണെന്നും കുട്ടിയെ ചവിട്ടി വീഴ്ത്തും മുമ്പ് കൈ കൊണ്ട് തലയ്ക്കിടിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരുന്നു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.  സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഭിഭാഷകനാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടിയുടെ ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Advertisment