എന്റെ പിആര്‍ഒ ഞാന്‍ തന്നെയായിരുന്നുവെന്ന് നടന്‍ കുഞ്ചന്‍

ഫിലിം ഡസ്ക്
Wednesday, January 27, 2021

ഹാസ്യം മാത്രമല്ല സ്വഭാവിക വേഷങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച നടനാണ് കുഞ്ചന്‍ . ചെറിയ വേഷമാണെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് കുഞ്ചനെ തേടിയെത്താറുള്ളത്.

പഴയകാല താരങ്ങള്‍ക്കൊപ്പവും ന്യൂജന്‍ താരങ്ങള്‍ക്കുമൊപ്പവും പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും കുഞ്ചന് ലഭിച്ചിട്ടുണ്ട്. സിനിമയിലെത്തിയ സമയത്ത് സംവിധായകനായ ശശികുമാറാണ് തനിക്ക് അവസരങ്ങള്‍ നല്‍കിയതെന്ന് കുഞ്ചന്‍ പറയുന്നു. ചാനല്‍ പരിപാടിക്കിടയിലായിരുന്നു താരം തന്റെ സിനിമാജീവിതത്തെക്കുറിച്ച്‌ വാചാലനായത്.

ആദ്യകാലത്ത് ശശികുമാര്‍ സാറാണ് എനിക്ക് ചെറിയ ചെറിയ വേഷങ്ങള്‍ നല്‍കിയത്. അദ്ദേഹത്തിന്റെ സിനിമകളില്‍ വിളിക്കുന്നത് കൊണ്ടാണ് ഞാന്‍ മദ്രാസില്‍ തന്നെ നിന്നത്. അതില്‍ നിന്ന് കിട്ടുന്ന പ്രതിഫലം ഇരുനൂറും, മൂന്നൂറുമൊക്കെയായിരുന്നു. അന്‍പതും, നൂറുമൊക്കെയായി പലതവണയായിട്ടാണ് ലഭിക്കുന്നത്.

സിനിമയില്‍ നിന്ന് കിട്ടിയ പ്രതിഫലം വച്ചു ആദ്യം വാങ്ങിയത് ഒരു സൈക്കിളാണ്. അതും ചവിട്ടി ഞാന്‍ ഓരോ സിനിമാ ഓഫീസുകളില്‍ കയറി ഇറങ്ങും ഒരു വേഷത്തിനു വേണ്ടി. എന്റെ പിആര്‍ഒ ഞാന്‍ തന്നെയായിരുന്നു. പിന്നീട് കൂടുതല്‍ സിനിമകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഒരു ബൈക്ക് വാങ്ങി. അതില്‍ ഞാന്‍ ‘കുഞ്ചഹ’ എന്ന പേരോടെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചു.

‘യമഹ’ ബൈക്ക് തരംഗമായി നില്‍ക്കുന്ന സമയത്തായിരുന്നു ഞാന്‍ എന്റെ കുഞ്ചഹ ബൈക്കുമായി ചെത്തി നടന്നത്. സിനിമയില്‍ നിന്ന് കിട്ടിയ പ്രതിഫലം വച്ച്‌ ആദ്യമായി വാങ്ങിച്ചത് ഒരു ഫിയറ്റ് കാറായിരുന്നുവെന്ന് താരം പറയുന്നു.

×